പാറക്കെട്ടിലെ കുളത്തിൽ കാൽകഴുകാൻ ശ്രമിക്കുന്നതിനിടെ ഓർഫനേജിലെ അന്തേവാസിയായ 16കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുട്ടി കുളത്തിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

Spread the love

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ശനിയാഴ്ച മുതൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു.

വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ പുറത്തെടുത്തത്. ഉടനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പിതാവുമായി അകന്നതിനെ തുടർന്ന് മാതാവ് സഹോദരി മൃദുലയ്ക്കൊപ്പം മിഥുനെ ക്രിസ്തുനിലയത്തിൽ എത്തിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.