
ആനയെ കാറിടിച്ചു,വേദനയിൽ പുളഞ്ഞ ആന കാറിന് മുകളിലേക്കിരുന്നു;കാർ തവിടു പൊടി
സ്വന്തംലേഖകൻ
ചെങ്ങന്നൂർ: പിന്നിൽ നിന്ന് വന്ന കാർ ഇടിച്ച് പരിക്ക് ആനയ്ക്കും പാപ്പാനും പരിക്ക്. ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലേക്ക് ഇരുന്നുപോയി. ഇതോടെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ഇലഞ്ഞിമേൽ മംഗലത്തേതിൽ ഗോപിനാഥൻ നായർ (53) നുമാണ് പരിക്കേറ്റത്. ഗോപിനാഥൻ നായരെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയൂർ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എലിഫന്റ് സ്ക്വാഡിലെ ഡോ. ഉണ്ണികൃഷ്ണൻ ആനയെ പരിശോധിച്ചു. തിരുവൻവണ്ടൂർ ഗജമേളയ്ക്ക് പോയി മടങ്ങുകയായിരുന്നു ആനയും പാപ്പാനും. ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണംവിട്ട് ആനയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൊല്ലകടവ് സ്വദേശിയായ കാർ ഡ്രൈവർ. ഇയാളെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.