റാങ്കുകളും പരിശീലനവുമെല്ലാം ഒരുപോലെ; കേരളത്തിലുള്ള 57 ജയിലുകളിൽ 53 എണ്ണത്തിലും സൂപ്രണ്ടുമാരായിരിക്കുന്നത് പുരുഷന്മാർ; വനിതാ ജയിലുകളുള്ള നാല് ഇടങ്ങളിൽ മാത്രം സൂപ്രണ്ടുമാരായി സ്ത്രീകൾ; സൂപ്രണ്ട് തസ്‌തികയിൽ സ്ത്രീകളെ പരിഗണിക്കാത്തത് അവ​ഗണന

Spread the love

പാലക്കാട്: കേരളത്തിലുള്ള 57 ജയിലുകളിൽ 53 എണ്ണത്തിലും സൂപ്രണ്ടുമാരായിരിക്കുന്നത് പുരുഷന്മാർ. വനിതാ ജയിലുകളുള്ള തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലും പൂജപ്പുര സെൻട്രൽ ജയിലിനുസമീപം സ്ത്രീകൾക്കുള്ള തുറന്ന ജയിലിലുമാണ് സൂപ്രണ്ടുമാരായി സ്ത്രീകളുള്ളത്.

കേരളത്തിനുപുറത്ത് എല്ലാ ജയിലുകളിലും സ്ത്രീ-പുരുഷ ഭേദമില്ലാതെ സൂപ്രണ്ടുമാരാകാൻ അവസരമുള്ളപ്പോഴാണ് കേരളത്തിലിപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. ഹോസ്‌ദുർഗ്, മഞ്ചേരി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലാ ജയിലുകളിൽ സ്ത്രീകളായ തടവുകാർക്ക് വനിതാ ബ്ലോക്ക് ഉള്ളതുകൊണ്ടു മാത്രമാണ് ഇവിടങ്ങളിൽ അസി. സൂപ്രണ്ടുമാരായി സ്ത്രീകളെ നിയമിക്കുന്നത്.

സ്പെഷ്യൽ സബ് ജയിലുകളായ മഞ്ചേരി, കൊട്ടാരക്കര എന്നിവിടങ്ങളിലും വനിതാ ബ്ലോക്കുണ്ട്. ഇവിടെയും സ്ത്രീകൾക്ക് അസി. സൂപ്രണ്ടാകാം. എങ്കിലും സൂപ്രണ്ട് പദവി ലഭിക്കില്ല. സബ്ജയിലുകളിൽ എസ്ഐ റാങ്കുള്ളവരാണ് ജയിൽ സൂപ്രണ്ടാകുന്നത്. സ്പെഷ്യൽ സബ് ജയിലിൽ സർക്കിൾ ഇൻസ്പെക്‌ടർ റാങ്കിലുള്ളവരും സൂപ്രണ്ടിന്റെ ചുമതല വഹിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ജയിലിൽ ഡിവൈഎസ്‌പി റാങ്കുള്ളവരും സെൻട്രൽ ജയിലിൽ എസ്‌പി റാങ്കുള്ളവരും സൂപ്രണ്ടാകും. ഇവിടെയെല്ലാം സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, അസി. സൂപ്രണ്ട് എന്നീ തസ്തികകളിൽ പുരുഷന്മാർക്കുതന്നെയാണ് അവസരം. പ്രതികളെ ഒറ്റയ്ക്ക് ചോദ്യംചെയ്യൽ, ഇൻക്വസ്റ്റ് തയ്യാറാക്കൽ, കോടതി ഡ്യൂട്ടി, സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള സൈബർക്രൈം, ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ വനിതകളുണ്ട്.

റാങ്കുകളും പരിശീലനവുമെല്ലാം ഒരുപോലെയായിട്ടും സൂപ്രണ്ട് തസ്‌തികയിൽ സ്ത്രീകളെ പരിഗണിക്കാത്തതാണ് അവഗണന. എല്ലാ ജയിലിലും പുരുഷന്മാരെപോലെ സ്ത്രീകൾക്കും ജോലിചെയ്യാൻ അവസരമുണ്ടെങ്കിൽ സ്ഥലംമാറ്റം വരുമ്പോഴും സ്വന്തം ജില്ലയിലോ സമീപ ജില്ലയിലോ ജോലിയിൽ തുടരാനും പുരുഷന്മാരെപോലെ സ്ത്രീകൾക്കാകും.

തടവുകാരോടൊപ്പം സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കണക്കിലെടുത്താണ് കേരളത്തിൽ വനിതകളെ സൂപ്രണ്ടുമാരായി നിയമിക്കാത്തതെന്നാണ് പോലീസ് അധികൃതർ പറയുന്നത്. കേരളത്തിലെ നിയമപ്രകാരം പണ്ടുമുതലേ പുരുഷന്മാരുള്ള ജയിലുകളിൽ സ്ത്രീകളെ സൂപ്രണ്ടുമാരായി നിയമിക്കാനുള്ള വ്യവസ്ഥയില്ലെന്നും സർക്കാരാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും ജയിൽ എഡിജിപി ബെൽറാം കുമാർ ഉപാധ്യായ പറഞ്ഞു.