video
play-sharp-fill

മുസ്ലിം സമുദായത്തിനകത്തെ പ്രമാണിമാരുടെ തോന്ന്യാസങ്ങള്‍ക്കും മതത്തിന്‍റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കുമെതിരെ കെ.ടിയുടെ നാടകം ശക്തമായി പ്രതികരിച്ചപ്പോള്‍ സമുദായത്തിനുള്ളില്‍ അതുണ്ടാക്കിയ കലാപം കുറച്ചൊന്നുമായിരുന്നില്ല: നാടകം പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം വേണ്ടി വന്നു.

മുസ്ലിം സമുദായത്തിനകത്തെ പ്രമാണിമാരുടെ തോന്ന്യാസങ്ങള്‍ക്കും മതത്തിന്‍റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കുമെതിരെ കെ.ടിയുടെ നാടകം ശക്തമായി പ്രതികരിച്ചപ്പോള്‍ സമുദായത്തിനുള്ളില്‍ അതുണ്ടാക്കിയ കലാപം കുറച്ചൊന്നുമായിരുന്നില്ല: നാടകം പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം വേണ്ടി വന്നു.

Spread the love

കോട്ടയം: മലയാള നാടകവേദിയുടെ ചരിത്രം എഴുതുകയാണെങ്കിൽ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് കെ.ടി.മുഹമ്മദിന്റേത് .
മലബാറിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ തീപ്പൊരി നാടകങ്ങളുടെ രചയിതാവാണ് ഈ അസാധാരണ പ്രതിഭാശാലി .

നമ്പൂതിരി സമുദായത്തില്‍ വി.ടി.ഭട്ടതിരിപ്പാടിന്‍റെ ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ” ഉണ്ടാക്കിയ അതേ വിപ്ളവമായിരുന്നു മുസ്ലിം സമുദായത്തിനുള്ളില്‍ കെ.ടിയുടെ
‘ഇതു ഭൂമിയാണ്” എന്ന നാടകവുമുണ്ടാക്കിയത്.

സമുദായത്തിനകത്തെ പ്രമാണിമാരുടെ
തോന്ന്യാസങ്ങള്‍ക്കും മതത്തിന്‍റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കുമെതിരെ കെ.ടിയുടെ നാടകം ശക്തമായി പ്രതികരിച്ചപ്പോള്‍ സമുദായത്തിനുള്ളില്‍ അതുണ്ടാക്കിയ കലാപം കുറച്ചൊന്നുമായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലങ്ങോളമിങ്ങോളം നാടകം പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം വേണ്ടി വന്നത് കെ.ടിയുടെ നാടകത്തിന് മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകാരായ യുവാക്കളുടെ കാവലിലായിരുന്നു അന്ന് കെ.ടി യുടെ മിക്ക നാടകങ്ങളും പ്രദര്‍ശിപ്പിച്ചു പോന്നത്.

നാടക രംഗത്ത് മലബാറിലെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന കെ ടി മുഹമ്മദിനെ ഓ മാധവൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിലൂടെ നാടകരംഗത്ത് തെക്കും വടക്കും തമ്മിലുണ്ടായിരുന്ന ഒരു വിഭാഗീയത ഇല്ലാതായത് ഇന്നലെകളുടെ ഒരു സാംസ്കാരിക ചരിത്രം .
കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി അദ്ദേഹം എഴുതിയ “കടൽപ്പാലം ” എന്ന നാടകത്തിന് കേരളത്തിൽ എമ്പാടും വലിയ
സ്വീകാര്യത കിട്ടി.
നാടകം ചലച്ചിത്രമായപ്പോൾ സത്യന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി
കെ ടി മുഹമ്മദിൻ്റ കൈമൾ.

എഴുപതുകളിൽ കെ ടി മുൻകൈയെടുത്ത് സ്ഥാപിച്ചതായിരുന്നു കോഴിക്കോട് സംഗമം തിയേറ്റേഴ്സ് .
മലയാള നാടക രംഗത്ത് സമൂലമായ ആസ്വാദനതലം സൃഷ്ടിച്ചെടുത്ത സൃഷ്ടി, സ്ഥിതി ,സംഹാരം , സമന്വയം തുടങ്ങിയ നാടകങ്ങൾ കേരളത്തിൽ മാത്രമല്ല ദേശീയ രംഗത്തും വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

നാടക രചയിതാവ് എന്നതിനപ്പുറത്ത് കഥാകൃത്ത് , സംവിധായകന്‍, കവി, ഗായകന്‍, രംഗസജ്ജീകാരകന്‍ തുടങ്ങി നാടകത്തില്‍ കെ.ടി കൈവെക്കാത്ത മേഖലകളില്ലായിരുന്നു. കലാമൂല്യം ഒട്ടും തന്നെ ചോരാതെ എന്താണോ നാടകത്തിലൂടെ പറയേണ്ടത് അത് പ്രേക്ഷകന് എളുപ്പം ഗ്രഹിക്കത്തക്കരീതിയിലായിരുന്നു കെ.ടിയുടെ നാടകങ്ങള്‍.

കെ.ടി.യുടെ ചലച്ചിത്ര
രചനകളും നാടകങ്ങളുടെ ചലച്ചിത്രാവിഷ്ക്കരണങ്ങളും ഒട്ടനവധി സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.
കടൽപ്പാലം , അച്ഛനും ബാപ്പയും, തുറക്കാത്ത വാതിൽ, രാജഹംസം, സൃഷ്ടി …എന്നിവയെല്ലാം തന്നെ മലയാള ചലച്ചിത്ര വേദിയുടെ ഗതി തന്നെ മാറ്റിയെഴുതിയ
നാഴികക്കല്ലുകളായ ചലച്ചിത്രങ്ങളായിരുന്നു.
കെ.ടി.മുഹമ്മദിന്റെ ചലച്ചിത്രസാക്ഷാത്ക്കാരങ്ങളിലെ ഗാനങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉള്ളതായി കാണാം. പ്രശസ്ത ഗായിക മാധുരിയുടെ ആദ്യ ഗാനം പിറക്കുന്നത് കെ.ടി യുടെ
‘കടൽപ്പാലം ” എന്ന ചിത്രത്തിലൂടെയാണ്.

( കസ്തൂരി തൈലമിട്ട് മുടി മിനുക്കി ….”)

പി ലീലക്ക് മികച്ച ഗായികക്കുള്ള ആദ്യ സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നതും ഈ ചിത്രത്തിലൂടെതന്നെ .
(ഉജ്ജയിനിയിലെ ഗായിക..”)

നാല് വർഷങ്ങൾക്ക് മുൻപ്
സംഗീത പ്രേമികളെ മുഴുവൻ ദു:ഖത്തിലാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിൽ പാടുന്നതും കടൽപ്പാലത്തിലാണ്.

( ഈ കടലും മറു കടലും …” )

കെ.ടി.യുടെ മറ്റൊരു ഉജ്ജ്വല നാടകാവിഷ്ക്കരണമായ
“അച്ഛനും ബാപ്പയും ” വയലാറിനും യേശുദാസിനും മികച്ച ഗാന രചയിതാവിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്ക്കാരങ്ങൾ നേടിക്കൊടുത്തു .

(മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ ..” )

ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്ക്കാരം നേടിയ “തുറക്കാത്ത വാതിൽ ” എന്ന ചിത്രത്തിലാണ് മറുനാടൻ മലയാളികളെ എക്കാലത്തും ഗൃഹാതുരത്വ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് ”

എന്ന മനോഹര ഗാനമുള്ളത്.
ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

യേശുദാസിന്റെ ഏറ്റവും ദുഃഖസാന്ദ്രമായ ആലാപനം

“സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ ….”

എന്ന ഗാനവും കെ.ടി.യുടെ ചിത്രമായ രാജഹംസത്തിലായിരുന്നു.

2008 മാർച്ച് 25-ന് അന്തരിച്ച ഈ നാടകാചാര്യന്റെ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്ന മഹത്തായ കുറെ നാടകങ്ങളും അദ്ദേഹം കഥയെഴുതിയ ചിത്രങ്ങളിലെ ഗാനങ്ങളുമാണ് കെ ടി മുഹമ്മദിനുള്ള ഏറ്റവും വലിയ സ്മാരകങ്ങളായി അവശേഷിക്കുന്നത് .