play-sharp-fill
കോട്ടയം ജനറൽ ആശുപത്രിയുടെ ലേബർ റൂമിൽ പാമ്പ്: കണ്ടെത്തിയത് വളവൊഴുപ്പൻ ഇനത്തിൽപ്പെട്ട പാമ്പിനെ; ജീവനക്കാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു

കോട്ടയം ജനറൽ ആശുപത്രിയുടെ ലേബർ റൂമിൽ പാമ്പ്: കണ്ടെത്തിയത് വളവൊഴുപ്പൻ ഇനത്തിൽപ്പെട്ട പാമ്പിനെ; ജീവനക്കാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു

തേർഡ് ഐ ബ്യൂറോ
കോട്ടയം: ജനറൽ ആശുപത്രിയിലെ ലേബർ റൂമിൽ പാമ്പിനെ കണ്ടെത്തി. വളവൊഴുപ്പൻ ഇനത്തിൽപ്പെട്ട അതീവ വിഷമുള്ള പാമ്പിനെയാണ് ജനറൽ ആശുപത്രിയുടെ അതീവ സുരക്ഷാ മേഖലയിലും, ഏറെ വൃത്തിയിലും കഴിയുന്ന ലേബർ റൂമിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഗർഭിണികളുടെയും, ജീവനക്കാരുടെയും കുട്ടികളുടെയും സുരക്ഷയെ തന്നെ ബാധിക്കുന്നതാണ് ആശുപത്രിയുടെ ലേബർ റൂമിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തിയ സംഭവം.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ആശുപത്രിയുടെ ലേബർ റൂമിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. പ്രസവത്തിനായി ഗർഭിണികൾ ലേബർ റൂമിനുള്ളിലുണ്ടായിരുന്നു. ഈ സമയത്താണ് ലേബർ റൂമിന്റെ ഒരു വശത്തായി സാമാന്യം വലുപ്പമുള്ള പാമ്പിനെ കണ്ടെത്തിയത്. ഗർഭിണികളായ സ്ത്രീകൾ ഭയന്ന് ബഹളം വച്ചതോടെ ജീവനക്കാർ ഓടിയെത്തി. സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. ഇതോടെയാണ് ഇവരുടെ ഭീതി വിട്ടുമാറിയത്.
ആശുപത്രികളിൽ അതീവ സുരക്ഷിതമായും, വൃത്തിയായും സൂക്ഷിക്കുന്ന സ്ഥലമാണ് ലേബർ റൂമുകൾ. ഇവിടെയാണ് പാമ്പ് കയറുന്ന സാഹചര്യമുണ്ടായത്. ജനറൽ ആശുപത്രി പരിസരം കാട് പിടിച്ച് കിടക്കുകയാണ്. ഇതാണ് ആശുപത്രിയിലെ പല വാർഡുകളിലും, പാമ്പിന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഉണ്ടാകുന്നത്. ആശുപത്രികളിലെ ചികിത്സയിൽ വിശ്വസിച്ച് രംഗത്ത് ഇറങ്ങിയിരിക്കുന്ന രോഗികളെയാണ് ഇത്തരം സംഭവങ്ങൾ ബാധിക്കുന്നത്.