13 ഇന സബ്‌സിഡി സാധനങ്ങള്‍,വിലക്കുറവും പ്രത്യേകം ഓഫറും ; റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍ മാര്‍ച്ച് 30 വരെ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന്‍ ഫെയറുകള്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിക്കും. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള്‍ കേന്ദ്രമാക്കിയാണ് റംസാന്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സബ്‌സിഡി നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ ബിരിയാണി അരി, മസാലകള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ ലഭ്യമാകും.

തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളില്‍ 26നുമാണ് റംസാന്‍ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വര്‍ഷത്തെ റംസാന്‍- വിഷു- ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ നാളെ രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും.

ആന്റണി രാജു എംഎല്‍എ അധ്യക്ഷന്‍ ആയിരിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി കെ രാജു, നഗരസഭ കൗണ്‍സിലര്‍ എസ് ജാനകി അമ്മാള്‍ തുടങ്ങിയവര്‍ സംസാരിക്കും. സപ്ലൈകോ തിരുവനന്തപുരം റീജണല്‍ മാനേജര്‍ എ സജാദ്, ഡിപ്പോ മാനേജര്‍ പി വി ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലും, കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റിലും, ഇടുക്കി നെടുങ്കണ്ടം സൂപ്പര്‍മാര്‍ക്കറ്റിലും, പത്തനംതിട്ട പീപ്പിള്‍സ് ബസാറിലും, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റിലും, ആലപ്പുഴ പീപ്പിള്‍സ് ബസാറിലും, പാലക്കാട് പീപ്പിള്‍സ് ബസാറിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലും റംസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കും. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പീപ്പിള്‍സ് ബസാര്‍, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, വയനാട് കല്‍പ്പറ്റ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും റംസാന്‍ ഫെയറുകളായി മാറും.

പതിമൂന്നിന് സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാന്‍ ഫെയറില്‍ ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് മാര്‍ച്ച് 30 വരെ നല്‍കും.