പട്ടാപ്പകൽ മദ്യലഹരിയിൽ യുവാവിന്റെ കാർ ചേസിങ്, കലാശിച്ചത് വാഹനാപകടത്തിൽ ; ഗോവൻ യുവതിക്കു കാറിടിച്ച് ഗുരുതര പരിക്ക്

Spread the love

കൊച്ചി: നഗരത്തിൽ തിരക്കേറിയ എസ്എ റോഡിലൂടെ പട്ടാപ്പകൽ മദ്യലഹരിയിൽ യുവാവു നടത്തിയ കാർ ചേസിങ് കലാശിച്ചതു വാഹനാപകടത്തിൽ. വിനോദ സഞ്ചാരിയായ ഗോവൻ യുവതിക്കു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവിന്റെ ഭാര്യ ജയ്സെൽ ഗോമസിനാണു(35) പരുക്കേറ്റത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ചാലക്കുടി സ്വദേശി യാസിറിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതിനു കടവന്ത്ര പൊലീസ് കേസെടുത്തു. എസ്ആർഎം റോഡിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നു മൂന്നു ദിവസത്തിനുള്ളിലാണു നഗരത്തിൽ വീണ്ടും സമാനമായ രീതിയിൽ ലഹരിസംഘത്തിന്റെ ആക്രമണമുണ്ടാകുന്നത്.

എസ്എ റോഡിൽ കടവന്ത്ര മെട്രോ സ്റ്റേഷന് എതിർവശത്താണു സംഭവം. പള്ളിമുക്ക് ഭാഗത്തു നിന്നു കടവന്ത്രയിലേക്കു ബൈക്ക് യാത്രികനെ ചേസ് ചെയ്തു എത്തുകയായിരുന്നു കാർ. പള്ളിമുക്ക് സിഗ്നലിൽ ബൈക്ക് യാത്രികൻ സൈഡ് നൽകാതിരുന്നതിനെ തുടർന്നാണു യാസിർ പ്രകോപിതനായതെന്നു പൊലീസ് പറയുന്നു. ബൈക്കിനെ പിന്തുടർന്നു കടവന്ത്ര മെട്രോ സ്റ്റേഷനു സമീപത്തെ കലുങ്കിനു സമീപമെത്തിയപ്പോൾ യാസിർ റോഡിനു കുറുകെ കാർ വെട്ടിത്തിരിച്ചു ബൈക്ക് യാത്രികനെ തട്ടിവീഴ്ത്തി. ഇതോടെ, നിയന്ത്രണം വിട്ട കാർ സമീപത്തു കൂടി നടന്നു പോകുകയായിരുന്ന ജയ്സെലിനെ കലുങ്കിന്റെ കൈവരിയിലേക്കു ചേർത്ത് ഇടിച്ചു വീഴ്ത്തി. കാറിന്റെ മുൻസീറ്റിൽ യാസിറും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും ഇവരും തമ്മിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ പിന്നിലുണ്ടായിരുന്ന 2 യുവാക്കൾ ഓടി രക്ഷപ്പെട്ടു. കാർ കടവന്ത്ര പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളിൽ നിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട യുവാക്കളും പിന്നീടു പൊലീസ് സ്റ്റേഷനിലെത്തി. ജെയ്സലിന്റെ തലയ്ക്കും കാലിനുമാണു ഗുരുതരമായി പരുക്കേറ്റത്. കാലിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ ഗോവ സ്വദേശികൾ പരാതി നൽകിയിട്ടില്ല. സെന്റ് അൽഫോൻസ പള്ളി സന്ദർശിക്കാനെത്തിയ ഇവർ ഇന്നലെ രാത്രി മടങ്ങിപ്പോകാനിരിക്കെയാണ് അപകടം. നിസ്സാര പരുക്കേറ്റ ബൈക്ക് യാത്രികൻ പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു.