ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം ; ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ കരാര്‍ നിയമനം മാത്രം ; ചെലവ് ചുരുക്കാന്‍ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ; സര്‍ക്കുലര്‍ ധനവകുപ്പ് പുറത്തിറക്കി

Spread the love

തിരുവനന്തപുരം: ചെവല് ചുരുക്കാന്‍ കര്‍ശനനിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ കരാര്‍ നിയമനം മാത്രമേ പാടുള്ളൂ, ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കണം, വകുപ്പുകളുടെ സെമിനാര്‍, ശില്പശാല ചെലവുകള്‍ ബഡ്ജറ്റ് വിഹിതത്തിന്റെ 50% ല്‍ കൂടാന്‍ പാടില്ല തുടങ്ങിയവ ഉള്‍പ്പെടെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍ ധനവകുപ്പ് പുറത്തിറക്കി.

ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അനിവാര്യമാകുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം ഓഫീസുകളില്‍ പ്രസ്തുത തസ്തികകളില്‍ വരുന്ന ഒഴിവുകള്‍ നികത്തുവാന്‍ പാടുള്ളൂ. അപ്രകാരം ഒഴിവുകള്‍ നികത്തുന്നത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1-സര്‍ക്കാര്‍ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങള്‍/ ബോര്‍ഡുകള്‍/ ഗ്രാന്റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍/ സ്വയംഭരണ സ്ഥാപനങ്ങള്‍/ ഭരണഘടനാ സ്ഥാപനങ്ങള്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതാണ്. ഓരോ ഓഫീസ്/സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കു മാത്രമായും ബന്ധപ്പെട്ട ഓഫീസുകളുടെ നിയന്ത്രണാധികാര പരിധിയ്ക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കുന്നുവെന്ന കാര്യം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. മേല്‍ നിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണ്.

2-ഒരു കാരണവശാലും ചിലവുകള്‍ ബജറ്റ് വിഹിതം അധികരിക്കുവാന്‍ പാടുള്ളതല്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അധിക അനുവദിക്കുന്നത് ധനപുനര്‍വിനിയോഗം (റീ അപ്രോപ്രിയേഷന്‍) വഴി മാത്രമായിരിക്കണം.

3-തനത് ഫണ്ട് ഉള്ള ഗ്രാന്റ്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്ന് നോണ്‍ പ്ലാന്‍ ഗ്രാന്റ് വിഹിതം അനുവദിക്കുന്നത് ടി സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ സ്ഥിതി വിലയിരുത്തിയ ശേഷം Reosurce gap നികത്തുന്നതിന് വേണ്ടി മാത്രമായിരിക്കണം. കൂടാതെ, സ്വന്തമായി റവന്യൂ വരുമാനമുള്ള ഗ്രാന്റ്- ഇന്‍- എയിഡ് സ്ഥാപനങ്ങള്‍ ഞലീൗെൃരല ഴമു നികത്തുന്നതിന് സര്‍ക്കാര്‍ ഗ്രാന്റുകള്‍ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് വായ്പ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

4-വിവിധ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പല കാരണങ്ങളാല്‍ വാഹനങ്ങള്‍ ഇല്ലാത്തതു മൂലം ജോലിയില്ലാതെ തുടരുന്ന ഡ്രൈവര്‍മാരെ അതാത് വകുപ്പുകള്‍ക്ക് കീഴിലെ ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പകരമായി പുനര്‍വിന്യസിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള പുനര്‍വിന്യാസം പൂര്‍ത്തീകരിക്കേണ്ടതാണ്.

5- വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്നതും എന്നാല്‍ നിലവിലെ പദ്ധതി/പ്രൊജക്ടുകള്‍ സാഹചര്യത്തില്‍ ആവശ്യമില്ലാത്തതുമായ കണ്ടെത്തി ഇത്തരം പദ്ധതി/പ്രൊജക്ടുകള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കേണ്ടതാണ്. ഈ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

6-വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍/ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി സെമിനാറുകള്‍, മേളകള്‍, ശില്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയുടെ ചിലവുകള്‍ ടി പരിപാടികള്‍ക്കായി അതാത് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള ബജറ്റ് വിഹിതത്തിന്റെ 50% ല്‍ അധികരിക്കുവാന്‍ പാടുള്ളതല്ല.

7ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അനിവാര്യമാകുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം ഓഫീസുകളില്‍ പ്രസ്തുത തസ്തികകളില്‍ വരുന്ന ഒഴിവുകള്‍ നികത്തുവാന്‍ പാടുള്ളൂ. അപ്രകാരം ഒഴിവുകള്‍ നികത്തുന്നത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം.

8-സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ വെളിച്ചത്തില്‍, സര്‍ക്കാര്‍ സേവനങ്ങള്‍, കെ.എസ്.ഇ.ബി. ലിമിറ്റഡ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സേവനങ്ങള്‍ എന്നിവയുടെ ഭാഗമായുള്ള പേയ്മെന്റുകള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി അടയ്ക്കുവാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ആവശ്യത്തിനായുള്ള സര്‍ക്കാരിന്റെ പരമ്പരാഗതമായ പ്രത്യേക കൗണ്ടര്‍ സംവിധാനങ്ങള്‍ നിലവില്‍ തുടരുന്നത് സാമ്പത്തികമായി ഉചിതമായി കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കുന്നതിനും ടി സ്ഥാപനങ്ങളിലെ ജീവനക്കാരെ അതാത് മാതൃവകുപ്പുകളിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

9-നിലവിലുള്ള മറ്റ് വ്യയ നിയന്ത്രണ ഉത്തരവുകള്‍ മേല്‍ ഭേദഗതികളോടെ നിലനില്‍ക്കുന്നതാണ്. മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.