
നിർദ്ധനരും നിരാലംബരുമായ അച്ഛനമ്മമാർക്ക് അഭയമരുളുന്ന കൊല്ലാട് സ്നേഹക്കൂട് അഭയ മന്ദിരത്തിൻ്റ പത്താമത് വാർഷികാഘോഷവും അഭയ ശ്രേഷ്ഠ പുരസ്കാര വിതരണവും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു; വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മമെന്ന് പി എസ് ശ്രീധരൻപിള്ള
കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാൻ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
യഥാർത്ഥ ഗാന്ധിയൻ പ്രവർത്തനങ്ങളുടെ അടിവേരുകൾ പരിശോധിക്കുമ്പോൾ 1947 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ എല്ലാവരും ഡൽഹിയിൽ ചരിത്രപ്രധാനമായ ഭരണമാറ്റവും ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപിതാവായ ഗാന്ധിജി 1500 കിലോമീറ്റർ അകലെ ബംഗാളിൽ സാധാരണക്കാർക്കൊപ്പം ചെലവൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തോടെ നമ്മുടെ രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെന്നും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും നേടിയാൽ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം പുലരൂവെന്ന ഗാന്ധിജിയുടെ വാക്കുകൾ അർത്ഥപൂർണ്ണമാണെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, പഞ്ചായത്ത് മെമ്പർ നൈസിമോൾ, ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ ഗാന്ധിഭവൻ, സ്നേഹക്കൂട് സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ്, ജോയിൻ്റ് സെക്രട്ടറി സാംജി പഴേപറമ്പിൽ, ആശാ രാജേഷ് എന്നിവർ പ്രസംഗിച്ചു. സ്നേഹക്കൂട് അഭയമന്ദിരം ഏർപ്പെടുത്തിയ അഭയശ്രേഷ്ഠ പുരസ്ക്കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ പുനലൂർ സോമരാജനു വേണ്ടി വൈസ് ചെയർമാൻ അമൽ ഗാന്ധിഭവൻ ഗവർണറിൽ നിന്നും ഏറ്റുവാങ്ങി. മികച്ച ഫയർ ഓഫീസർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ കെ ടി സലിമോന് സ്നേഹക്കൂട് എക്സലൻസ് പുരസ്കാരം പി എസ് ശ്രീധരൻപിള്ള സമ്മാനിച്ചു. സ്നേഹക്കൂട് അന്തേവാസികൾക്ക് ഗവർണർ ഉപഹാരങ്ങളും സമ്മാനിച്ചു.