പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസില്‍ സീനിയർ അക്കൗണ്ടൻ്റ് മോഹന കൃഷ്ണൻ ഉള്‍പ്പെടെ 7 പ്രതികള്‍ പിടിയില്‍.
ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
മോഹന കൃഷ്ണൻ്റെ സഹോദരിയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് വിവേകിൻ്റെ ഭാര്യ മറ്റ് രണ്ട് സുഹൃത്തുക്കള്‍ എന്നിവർ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിൻ്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതും പ്രതികള്‍ മുങ്ങിയിരുന്നു. മുക്കുപണ്ടം പണയം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത് കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയാണ്. തട്ടിപ്പ് പുറത്ത് വന്നതും മോഹന കൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
27 ലക്ഷം രൂപയുടെ തട്ടിപ്പ് എന്ന നിലയില്‍ അന്വേഷണം പുരോഗമിക്കവെയാണ് കൂടുതല്‍ പണം നഷ്ടമായതായി പൊലീസ് കണ്ടെത്തിയത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്.
ഒറ്റപ്പാലം അർബൻ ബാങ്കിൻ്റെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കള്‍ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.