
എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തി വ്യാപാരസ്ഥാപനത്തിൽനിന്ന് 50,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി പിടിയിൽ
കൊല്ലം: കുണ്ടറ എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തി പെരുമ്പുഴയിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് 50,000 രൂപയുമായി കടന്നയാൾ പിടിയിൽ. കിഴക്കേ കല്ലട ഉപ്പൂട് ക്ലാച്ചേരത്തിൽ വീട്ടിൽ ജോൺസനാ(48)ണ് മോഷണം നടത്തി 48 മണിക്കൂറിനകം കുണ്ടറ പോലീസിന്റെ പിടിയിലായത്.
ജംക്ഷനുസമീപം അബ്ദുൾ കലാമിന്റെ നാഷണൽ സ്റ്റോഴ്‌സിൽനിന്നാണ് പണം കവർന്നത്. വ്യാഴാഴ്ച വൈകീട്ടോടെ തിരുവല്ലയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് കുണ്ടറ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു മോഷണം. കടയിൽ അബ്ദുൾ കലാം മാത്രമാണുണ്ടായിരുന്നത്. കടയിലെത്തിയ ജോൺസൺ ഉടമയുമായി സൗഹൃദം സ്ഥാപിച്ചു. മരുമകന്റെ കടയിലേക്ക് സാധനങ്ങൾ വേണമെന്നും അവൻ ഉടൻ എത്തുമെന്നും പറഞ്ഞത് കട ഉടമ വിശ്വസിച്ചു. എസ്‌ഐയാണെന്ന ഉറപ്പിൽ പണം സൂക്ഷിക്കുന്ന മേശപൂട്ടി താക്കോൽ സമീപത്തെ അറയിലിട്ടാണ് ഉടമ നിസ്കാരത്തിനു പള്ളിയിലേക്ക് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചെത്തിയപ്പോൾ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ കുണ്ടറ പോലീസിൽ പരാതി നൽകി. ഉടൻതന്നെ അന്വേഷണം ആരംഭിച്ച പോലീസ്, പണവുമായി പ്രതി ഓട്ടോറിക്ഷയിൽ കുണ്ടറ പള്ളിമുക്കിൽ ഇറങ്ങിപ്പോയതായി കണ്ടെത്തി. നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അഞ്ചാലുംമൂട്ടിലും സമാനരീതിയിൽ മോഷണം നടത്തിയത് ഒരാൾതന്നെയാണെന്ന് തിരിച്ചറിഞ്ഞു.
മോഷണശേഷം തിരുവല്ലയിലേക്കുകടന്ന പ്രതിയെ കാവുംഭാഗം ഭാഗത്തുനിന്നാണ് പിടികൂടിയത്. എസ്എച്ച്ഒ പി.രാജേഷ്, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. പ്രദീപ്, സിപിഒമാരായ കെ.വി. അനീഷ്, ആർ. രാജേഷ്, എസ്. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.