play-sharp-fill
നെയ്യാർ ഡാം ലയൺ സഫാരി പാർക്ക് അടച്ചു പൂട്ടലിന്റെ വക്കിൽ;പേരിനൊരു സിംഹം മാത്രം

നെയ്യാർ ഡാം ലയൺ സഫാരി പാർക്ക് അടച്ചു പൂട്ടലിന്റെ വക്കിൽ;പേരിനൊരു സിംഹം മാത്രം

സ്വന്തംലേഖിക

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടൽ വക്കിൽ. വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാർക്കിൽ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങൾ ഉണ്ടായിരുന്നിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതർ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയൺ സഫാരി പാർക്കിനെ കൈയ്യൊഴിഞ്ഞു. നെയ്യാർ ഡാമിലെ മരക്കുന്നത്തെ കാട്ടിൽ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് പ്രവർത്തനം തുടങ്ങിയത്. ആദ്യകാലങ്ങളിൽ 4 സിംഹങ്ങൾ മാത്രമുള്ള പാർക്കിൽ പിന്നീട് 18 സിംഹങ്ങളായി. സിംഹങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ സഞ്ചാരികളുടെ എണ്ണവും വരുമാനവും വർധിച്ചു. ഡാം കാണാൻ വരുന്നതിനൊപ്പം സിംഹങ്ങളെ കാണാനും നൂറു കണക്കിന് സഞ്ചാരികൾ ദിനവും എത്തുമായിരുന്നു. സിംഹങ്ങളുടെ സംരക്ഷണം വകുപ്പിന് ബാധ്യതയായതോടെ ചെലവ് ചുരുക്കലിന്റെ പേരിൽ സിംഹങ്ങളുടെ എണ്ണം കുറക്കാൻ ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു. അതിന് പിന്നാലെ പല സിംഹങ്ങളും അസുഖം ബാധിച്ച് ചത്തൊടുങ്ങാൻ തുടങ്ങി. അവസാനമായി കുറച്ച് നാളുകൾക്ക് മുമ്പ്് ഒരു സിംഹം കൂടി ചത്തതോടെ പാർക്കിലെ സിംഹങ്ങളുടെ എണ്ണം ഒന്നായി.ഇതോടെ പാർക്കിൽ സഞ്ചാരികൾ എത്തുന്നത് കുറഞ്ഞു. ഗുജറാത്തിലെ മൃഗശാലയിൽ നിന്ന് ഒരു ജോഡി സിംഹങ്ങളെ നെയ്യാറിലേക്ക് കൊണ്ട്വരാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ആ ഫയൽ ഇപ്പോഴും അനങ്ങിയിട്ടില്ല. സിംഹങ്ങളുടെ പരമാവധി ആയുസ് 17 വയസ്സാണ്. അതുകൊണ്ട് തന്നെ ബാക്കിയുള്ള ഒരു സിംഹം എത്രനാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പുമില്ല. മന്ത്രിയുടേയും ജനപ്രതിനിധികളുടേയും വാക്കുകൾ വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്. ഇതോടെ തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ എത്തിയിരിക്കുന്നത്.വിനോദ സഞ്ചാരത്തിന്റെ പേരിൽ കോടികൾ വരുമാനം വരുന്നുണ്ടെങ്കിലും സിംഹങ്ങളെ എത്തിക്കുന്നതിനുള്ള ഇടപെടൽ മാത്രം ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.