play-sharp-fill
ബൈക്ക് പാർക്കിംഗിനെച്ചൊല്ലി പ്രിൻസിപ്പലിനെ തല്ലി: വാഴൂർ കോളേജിലെ മുൻ വിദ്യാർത്ഥി അറസ്റ്റിൽ

ബൈക്ക് പാർക്കിംഗിനെച്ചൊല്ലി പ്രിൻസിപ്പലിനെ തല്ലി: വാഴൂർ കോളേജിലെ മുൻ വിദ്യാർത്ഥി അറസ്റ്റിൽ

സ്വന്തം ലേഖകൻ
കറുകച്ചാൽ: നോ പാർക്കിംഗിൽ ബൈക്ക് പാർക്ക് ചെയ്തതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥി തല്ലിത്താഴെയിട്ടു. സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തുഎസ്.വി.ആർ.എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ജി. പ്രമോദിനെ കൈയേറ്റം ചെയ്ത മുൻവിദ്യാർഥി കറിക്കാട്ടൂർ ആലപ്ര തോപ്പിൽ സൂരജി (20)നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു സൂരജ്. ഒരു പേപ്പർ നഷ്ടമായതിനെ തുടർന്ന് സേ പരീക്ഷ എഴുതുന്നതിനായാണ് സൂരജ് കോളേജിൽ എത്തിയത്. കോളേജിലെ നോ പാർക്കിംഗ് ഏരിയയിൽ സൂരജ് ബൈക്ക് പാർക്ക് ചെയ്തു. ഇവിടെ എത്തിയ പ്രിൻസിപ്പൽ വാഹനം പാർക്കിംഗ് ഏരിയയിൽ നിന്നും മാറ്റി വയ്ക്കുന്നതിനും, ഇവിടെ വച്ചതിന് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാക്കാനും ജീവനക്കാരനോട് നിർദേശിച്ചു. ഇത് അനുസരിച്ച് സൂരജിന്റെ ക്ലാസിലെത്തിയ ജീവനക്കാരൻ ഇയാളുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി. തുടർന്ന് ഫൈൻ ആയി 300 രൂപ അടയ്ക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനായി പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ സൂരജ് താൻ ഫൈൻ അടയ്ക്കാൻ തയ്യാറല്ല എന്ന് അറിയിച്ചു. ഇല്ലെങ്കിൽ മാപ്പ് അപേക്ഷ നൽകണമെന്നായി പ്രിൻസിപ്പൽ. ഇതിന് തയ്യാറല്ലെന്ന് സൂരജും അറിയിച്ചു. ഇതേച്ചൊല്ലി രണ്ടു പേരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സൂരജ് പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സൂരജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സൂരജിനെ റിമാൻഡ് ചെയ്തു.