
സോഷ്യൽ മീഡിയ കിംവദന്തികൾക്ക് വിരാമം… മമ്മൂട്ടിക്ക് ക്യാൻസർ ബാധിച്ചെന്ന അഭ്യൂഹങ്ങൾ വ്യാജം; ഊഹാപോഹങ്ങൾ അടിസ്ഥാന രഹിതം, അവധിയെടുത്തത് റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ; അഭ്യൂഹങ്ങൾ തള്ളി മമ്മൂട്ടിയുടെ പിആർ ടീം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം. മമ്മൂട്ടി പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിആർ ടീം അറിയിച്ചു.
മമ്മൂട്ടിക്ക് ക്യാൻസർ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. ഒരു വിഭാഗം നെറ്റിസൺമാർ ക്യാൻസർ കിംവദന്തികളെ നിരാകരിച്ചെങ്കിലും, അദ്ദേഹം സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയിൽ സജീവമാണ്.
എന്നാൽ, ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിആർ ടീം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അത് വ്യാജ വാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും,” മമ്മൂട്ടിയുടെ പിആർ വ്യക്തമാക്കി.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്ക്രീനിൽ ഒന്നിക്കുകയാണ്.
താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനെയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹം കൂടിയാകും ഈ ചിത്രത്തിലൂടെ പൂർത്തിയാവുക.
ചിത്രത്തിന്റെ കാസ്റ്റിങിനെ പറ്റിയും അതിഥി വേഷങ്ങളെ പറ്റിയുമെല്ലാം വ്യാപക ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.