
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തിരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം വി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം വി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു.
അന്തരിച്ച എ വി റസ്സലിന്റെ പിൻഗാമിയായാണ് ടി.ആർ. രഘുനാഥൻ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
‘പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സൽ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുൻ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവർത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം’ ടി.ആർ. രഘുനാഥൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗമാണ്. എസ്എഫ്ഐയിലൂടെ സംഘടനാ രംഗത്തെത്തുന്നത്.
ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന രംഗത്ത് പ്രവർത്തനമാരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിപിഎം അയർക്കുന്നം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് പാർട്ടി ജില്ലാ കമ്മറ്റി അംഗമായി. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. സിഐടിയു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം കോ- ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ചെയർമാനുമാണ്.
അയർക്കുന്നം ആറുമാനൂരാണ് സ്വദേശം. ഭാര്യ : രഞ്ജിത മകൻ : രഞ്ജിത്ത്. മരുമകൾ അർച്ചന.