ചെന്നെ: ഇന്ത്യയിൽ ഭീതി ഉയർത്തി വീണ്ടും സ്ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നു. തമിഴ്നാട്ടിലാണ് വ്യാപനം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.തമിഴ്നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വര്ഷം തോറും ഇത് ബാധിക്കുന്നതായാണ് ഗവേഷകര് നല്കുന്ന മുന്നറിയിപ്പ്.
ഏറെ കരുതലോടെ നേരിടേണ്ട രോഗമാണിത്. രോഗം സങ്കീര്ണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നത് ഇതിന്റെ അപകട സാധ്യത വര്ധിപ്പിക്കുമെന്നും ഗവേഷകര് വ്യക്തമാക്കുന്നു.
വെല്ലൂരിലെ ക്രിസ്ത്യന് മെഡിക്കല് കോളജ് (സി.എം.സി), ലണ്ടന് സ്കൂള് ഓഫ് ഹൈജീന് ആന്ഡ് ട്രോപ്പിക്കല് മെഡിസിന് (എല്.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധമായ വിവരങ്ങള് പുറത്തുവിട്ടത്.തമിഴ്നാട്ടിലെ 37 ഗ്രാമങ്ങളിലായി രണ്ട് വര്ഷത്തിനിടെ 32,000 പേരെ നിരീക്ഷിച്ചാണ് അവര് റിപ്പോര്ട്ട് തയ്യാറാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് സ്ക്രബ് ടൈഫസ്
ഒറിയന്ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ് ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്നിന്നാണ് സാധാരണയായി ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. എന്നാല് മൃഗങ്ങളില്നിന്ന് നേരിട്ടല്ല രോഗാണുക്കള് മനുഷ്യ ശരീരത്തിലെത്തുന്നത്. മൃഗങ്ങളുടെ ശരീരത്തില് കാണുന്ന ചെള്ള് വര്ഗത്തില്പ്പെട്ട ജീവികളുടെ ലാര്വല് ദശയായ ചിഗ്ഗര് മൈറ്റുകള് കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് ഇത് പകരുന്നത്. മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല എന്നത് ആശ്വാസ്യമാണ്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുനിന്ന് ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് പെരുകുന്നതാണ് സംഭവം. ലാര്വല് മൈറ്റ് കടിച്ചാല് രണ്ടാഴ്ചക്കകം രോഗലക്ഷണം കാണിക്കുന്നു.
ഇക്കാര്യങ്ങള് ശ്രദ്ധിക്കുക
സ്ക്രബ് ടൈഫസില് നിന്നുള്ള അഞ്ച് മരണങ്ങള് പഠനത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ പഠന ജനസംഖ്യയില് അഞ്ച് കേസുകള് സ്ക്രബ് ടൈഫസ് ബാധിച്ച് മരിച്ചെങ്കിലും, ഇന്ത്യയില് കടുത്ത പനിയുടെ പ്രധാന കാരണങ്ങളായി സാധാരണയായി കരുതപ്പെടുന്ന മലേറിയ, ഡെങ്കി, ടൈഫോയ്ഡ് പനി എന്നിവയില് നിന്നുള്ള മരണങ്ങളൊന്നും ഞങ്ങള് രേഖപ്പെടുത്തിയിട്ടില്ല’ എല്.എസ്.എച്ച്.ടി.എമ്മിലെ പഠനത്തിന്റെ പ്രധാന അന്വേഷകനായ വുള്ഫ് പീറ്റര് ഷ്മിഡ്റ്റ് പറഞ്ഞു.
വസ്ത്രങ്ങള് കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്. വസ്ത്രത്തില് പറ്റിപ്പിടിച്ച് മൈറ്റുകള് ശരീരത്തിലെത്താം. എലിനശീകരണ പ്രവര്ത്തനങ്ങള് ചെയ്യുക. ആഹാരാവശിഷ്ടങ്ങള് വലിച്ചെറിയാതെ സംസ്ക്കരിക്കുക. പുല്ലിലും മറ്റും ജോലി ചെയ്യുമ്ബോള് ശരീരം മൂടുന്ന വസ്ത്രങ്ങള് മറ്റു വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. ണ്ണില് കളിച്ചാല് കുട്ടികളുടെ കൈകാലുകള് സോപ്പ് ഉപയോഗിച്ച് കഴുകുക.
ലക്ഷണങ്ങള്
ചിഗ്ഗര് മൈറ്റ് കടിച്ച് 10 മുതല് 12 ദിവസം കഴിയുമ്ബോള് രോഗലക്ഷണങ്ങള് കാണാം. കടിച്ച ഭാഗം തുടക്കത്തില് ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുന്നു. പിന്നീട് കറുത്ത വ്രണമായി (എസ്കാര്) മാറുകയും ചെയ്യും. സാധാരണയായി കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് ഇത്തരം പാടുകള് കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്. ചുരുക്കം ചിലരില് തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്ണതകളും കാണാറുണ്ട്. രോഗലക്ഷണമുള്ളവര് ഉടന് തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
സ്ക്രബ് ടൈഫസിനെ നേരത്തെ കണ്ടെത്തിയാല് ആന്റി ബയോട്ടിക് മരുന്നുകള് ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന് കഴിയും.