
കൊച്ചി: കളമശ്ശേരിയിൽ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച് എസ്എഫ്ഐ.
അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയിൽ നിന്നാണ്.
ആകാശിന് ഒപ്പം കെ എസ് യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്. ഒളിവിൽ പോയ ആദിൽ കെ എസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കേസിൽ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒരുമിച്ച് ഒരു മുറിയിലാണ് താമസിക്കുന്നത്. ഒരു ജോലി വാങ്ങാൻ പഠിച്ചു തുടങ്ങിയതാ, അപ്പോഴാണ് കഞ്ചാവ് കേസ് എന്റെ തലയിലിട്ട് തന്നത്. സപ്ലികളെല്ലാം എഴുതിയെടുത്ത് പഠിച്ച് തുടങ്ങിയതായിരുന്നു. റെയിഡ് നടന്നപ്പോൾ താൻ റൂമിൽ ഇല്ലായിരുന്നുവെന്നും കേസിൽ പ്രതിയായ അഭിരാജ് പറഞ്ഞു.
റെയ്ഡ് നടക്കുമ്പോൾ മുറിയിൽ ഞങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നില്ലെന്നും വന്നപ്പോൾ താൻ എസ്എഫ്ഐക്കാരൻ ആണെന്ന് വ്യക്തമായതോടെ പൊലീസുകാരന് ദേഷ്യമായെന്നും അഭിരാജ് കൂട്ടിച്ചേർത്തു. കോളജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്.
ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.