പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യംകൂടിയ മരുന്ന് മാറി നല്‍കി ; ഡോക്ടർ കുറിച്ചത് കാള്‍പോള്‍ സിറപ്പ്, മെഡിക്കല്‍ ഷോപ്പില്‍നിന്ന് കൊടുത്തത് കാള്‍പോള്‍ ഡ്രോപ്സ് ; ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ കഴിഞ്ഞ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണം ചെയ്തു

Spread the love

കണ്ണൂർ : പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യംകൂടിയ മരുന്ന് മാറി നല്‍കി ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ കഴിയുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണംചെയ്തതായി റിപ്പോർട്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുട്ടി.

സംഭവത്തില്‍ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ട് മാസം പ്രായമുള്ള മുഹമ്മദാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.

ഇക്കഴിഞ്ഞ എട്ടിനാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ പീഡിയാട്രീഷനെ കാണിച്ചത്. കാള്‍പോള്‍ (പാരസെറ്റമോള്‍) സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍നിന്ന് അധിക ഡോസിലുള്ള കാള്‍പോള്‍ ഡ്രോപ്സാണ് നല്‍കിയത്. വീണ്ടും പീഡിയാട്രീഷനെ കാണിച്ചപ്പോഴാണ് മരുന്ന് മാറിനല്‍കിയതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ രക്തപരിശോധന നടത്തിയ ശേഷം പീഡിയാട്രീഷന്റെ നിർദേശാനുസരണം അടിയന്തര ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥർ മെഡിക്കല്‍സില്‍ പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടുനിന്നു. ഡ്രഗ്സ് ഇൻസ്പെക്ടർ പി.എം. സന്തോഷ്, ഡ്രഗ്സ് ഇൻസ്പെക്ടർ ഇന്റലിജൻസ് ബ്രാഞ്ച് ഇ.എൻ. ബിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.