മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ ഇഡലി ക്യാൻസറിന് കാരണമാകുന്നുവെന്ന് കണ്ടെത്തൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ; ഇഡലി തയ്യാറാക്കാനായി ഉപയോ​ഗിക്കുന്നത് പോളിത്തീൻ ഷീറ്റ്; കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Spread the love

ബാംഗ്ലൂർ: മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ടതും സ്ഥിരമായി വീടുകളിൽ പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

ചില ഇഡലികൾ ക്യാൻസറിന് വരെ കാരണമാകുന്നുവെന്ന കണ്ടെത്തലിൽ നടപടി ആരംഭിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. അയൽ സംസ്ഥാനമായ കർണാടകയിലെ നിരവധി ഹോട്ടലുകളിൽ പാകം ചെയ്യുന്ന ഇഡലിയാണ് ക്യാൻസറിന് കാരണമാകുന്നത്. കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.

സംഘം പരിശോധന നടത്തിയ ഹോട്ടലുകളിൽ 52 ഇടത്ത് ഇഡലി തയ്യാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചുവെന്ന് തിരിച്ചറിഞ്ഞു. 500 സാമ്പിളുകൾ പരിശോധിച്ചതിൽ 35 എണ്ണം പാകം ചെയ്തിരിക്കുന്നത് ക്യാൻസറിന് കാരണമാകുന്ന രാസ വസ്തു ഉപയോഗിച്ചാണെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ചില ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടൺ തുണികൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നു. ചൂടാകുമ്പോൾ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകൾ രൂപം കൊള്ളുകയും കാൻസറിന് ഉൾപ്പെടെ കാരണമാകുകയും ചെയ്യും.

സാധാരണയായി നനഞ്ഞ കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്യേണ്ട സ്ഥലത്താണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത്. ഈ രീതി വ്യാപകമാകുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു. കർണാടകയെ സംബന്ധിച്ച് നിരവധി മലയാളികൾ തിങ്ങി പാർക്കുന്ന സംസ്ഥാനം കൂടിയാണ്.

തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇവിടെ തങ്ങുന്നവർ സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ കൂടുതൽ പുറത്ത് നിന്നുള്ള ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ കർണാടകയിൽ ഇത്തരം ഒരു ആശങ്ക ഉണ്ടാകുമ്പോൾ അത് വലിയ രീതിയിൽ മലയാളികളേയും ബാധിക്കുന്ന പ്രശ്ന‌മാണെന്നതിൽ തർക്കമില്ല.