
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനെ മാറ്റിയ സംഭവം : റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച വ്യക്തിയെ കഴകം മാറ്റിയ വിഷയത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടന്നും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. എ. പി അനില്‍കുമാര്‍ എം.എല്‍ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേവസ്വം നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ നിയമിച്ച കഴകക്കാരനെ മാറ്റി നിയമിച്ചത് ദേവസ്വം പ്രസിഡന്‍റല്ല അഡ്മിനിസട്രേറ്റര്‍ ആണ്. ബാലു. ബി.എ-യെ ഓഫീസ് അറ്റന്‍റഡന്‍റ് ജോലിയിലേക്ക് മാറ്റി ചുമതല നല്‍കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികളില്‍ വിശദീകരണം ആരായാന്‍ റവന്യൂ (ദേവസ്വം) സ്പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിഷോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടല്‍മാണിക്യം ദേവസ്വം ആക്ടും റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികള്‍ നിര്‍വ്വഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും കാലാകാലങ്ങളില്‍ നല്‍കിവരുന്നുണ്ട്. പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ കഴകം തസ്തികയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 2003-ല്‍ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം 2 കഴകം പോസ്റ്റുകള്‍ ആണ് നിലവിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത പോസ്റ്റിലേക്കുള്ള നിയമനം എങ്ങനെയായിരിക്കണമെന്ന് റഗുലേഷന്‍ 4-ാം ഖണ്ഡിക പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രസ്തുത നിര്‍ദ്ദേശ പ്രകാരം 1025 + DA ശമ്പള സ്കെയില്‍ ഉള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിര്‍ദ്ദേശിക്കുന്ന വ്യക്തിയേയും, 1300-1880 ശമ്പള സ്കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് മുഖേന നിയമിക്കാമെന്നും ആണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഒന്നാമത്തെ ശമ്പള സ്കെയില്‍ പ്രകാരമുള്ള ഉദ്യോഗസ്ഥന്‍ നിലവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ സേവനത്തിലില്ല. പ്രസ്തുത ജോലികള്‍ തന്ത്രിമാരുടെ നിര്‍ദ്ദേശമനുസരിച്ച് താല്‍ക്കാലികക്കാരെ നിയമിച്ചാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ നിര്‍വ്വഹിച്ചുവരുന്നത്.
രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് 24.02.2025 തീയതിയില്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി നിയമിതനായ ബാലു.ബി.എ എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കൂടല്‍മാണിക്യം ദേവസ്വം എംപ്ലോയീസ് റഗുലേഷന്‍ ആക്ട്, നാലാം ഖണ്ഡിക പ്രകാരം രണ്ടാം കഴകം തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി നിയമിതനായ വ്യക്തി തന്നെ അവിടെ നിഷ്കര്‍ഷിച്ചിരിക്കുന്ന ജോലി നിര്‍വ്വഹിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട് ഇത് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനും വ്യക്തമാക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.