
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം കടന്നിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
ഈ മാസം 17നു ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ചു ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.
സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവർത്തകർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നേതൃത്തിൽ 13നു ആറ്റുകാൽ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നിൽ പൊങ്കാലയിടാൻ ആഗ്രഹമുള്ള പരമാവധി ആശാ പ്രവർത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പിന്തുണ നൽകി ഒട്ടേറെ സംഘടനകൾ സമര വേദിയിലെത്തുന്നുണ്ട്.