video
play-sharp-fill

കാടിന്റെ മക്കൾ കാക്കിയണിഞ്ഞു;യാഥാർത്ഥ്യമായത് കേരള പൊലിസിന്റെ അന്തസ്സുയർത്തുന്ന കർമപദ്ധതി.

കാടിന്റെ മക്കൾ കാക്കിയണിഞ്ഞു;യാഥാർത്ഥ്യമായത് കേരള പൊലിസിന്റെ അന്തസ്സുയർത്തുന്ന കർമപദ്ധതി.

Spread the love

സ്വന്തംലേഖകൻ

തൃശൂർ: പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തെ മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള സർക്കാരിന്റെ മഹത്തായ പദ്ധതി യാഥാർഥ്യമാകുന്നു. ആദിവാസി സമൂഹത്തിൽപ്പെട്ട 74 പേർ കേരള പൊലീസ് സേനയുടെ ഭാഗമാവുകയാണ്. നാട് കാക്കാൻ കാടിന്റെ മക്കളും കാക്കിയണിഞ്ഞു. ഇതിൽ 24 പേർ വനിതകൾ ആണെന്നതും ശ്രദ്ധേയമാണ്.ചരിത്രത്തിലാദ്യമായാണ് ആദിവാസി വിഭാഗങ്ങളിൽ നിന്ന് യുവതീ യുവാക്കൾ കേരള പൊലീസിന്റെ ഭാഗമാവുന്നത്. പ്രത്യേക നിയമനംവഴിയാണ് 74 കോൺസ്റ്റബിൾമാരെ തെരഞ്ഞെടുത്തത്. ഇവർ പരിശീലനം പൂർത്തിയാക്കി ബുധനാഴ്ച കർമരംഗത്തേക്കിറങ്ങുകയാണ്. സർക്കാരിന്റെ ധീരമായ നിലപാടാണ് കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലയിൽനിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് പ്രത്യേക റിക്രൂട്ട്മെന്റ് വഴി പൊലീസിൽ നിയമിച്ചത്.ഈ മേഖലകളിൽ വനം കേന്ദ്രീകരിച്ച് നക്സലേറ്റ് മാവോയിസ്റ്റ് പ്രവർത്തനം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പുതിയ നിയമനത്തിലൂടെ വനമേഖലയിൽ പൊലീസിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവും. പരിശീലനം പൂർത്തിയാക്കിയ 74 പേരിൽ രണ്ടുപേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. രണ്ടുപേർ ബിരുദവും ബിഎഡുമുള്ളവരാണ്. ഏഴുപേർ ബിരുദവും ഒരാൾ ഡിപ്ലോമയും നേടി. 30 പേർ പ്ലസ് ടു യോഗ്യതയുള്ളവരാണ്. 31 പേർ എസ്എസ്എൽസി യോഗ്യതയുള്ളവരാണ്. അട്ടപ്പാടിയിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും പൊലീസ് സേനയുടെ ഭാഗമാണ്.