
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയുടെയും കൗമാരക്കാരിയായ മകളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഭർത്താവിന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം. കടബാധ്യത പരിഹരിക്കാൻ കുടുംബക്ഷേത്രത്തിലും, മറ്റ് ചില മന്ത്രവാദ കേന്ദ്രങ്ങളിലും പൂജകൾ ചെയ്താൽ മതിയെന്ന വിശ്വാസമാണ് ഈ കുടുംബത്തെ തകർത്ത് കളഞ്ഞതെന്നാണ് സൂചന. വായ്പ തിരിച്ചടയ്ക്കുന്നതിനു പകരം ഇത്തരത്തിൽ മന്ത്രവാദത്തിൽ ഇവർ വിശ്വസിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ഇവർ വായ്പാ തുക ഒരു രൂപ പോലും തിരികെ അടയ്ക്കാതെ കടംവീട്ടാൻ മന്ത്രവാദം നടത്തുകയായിരുന്നുവെന്നാണ് അമ്മയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിരിക്കുന്ന പ്രാഥമിക സൂചന. എല്ലാകാര്യത്തിന്റെയും പരിഹാരത്തിനായി ഇവർമന്ത്രവാദത്തെയാണ് സമീപിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മരിച്ച ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതോടെയാണ് ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന വാദം പൊളിഞ്ഞിരിക്കുന്നത്. ഇതേ തുടർന്ന് ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിന്റെ ആന്ധവിശ്വാസവും സ്ഥിരമായി മന്ത്രവാദത്തിൽ ഏർപ്പെടുന്ന പ്രവണതയും വ്യക്തമായിരിക്കുന്നത്.
ലേഖയുടെ ഭർത്താവ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ആന്ധവിശ്വാസങ്ങളിലൂടെയാണ് കഴിഞ്ഞിരുന്നത്. സ്ഥിരമായി ആൽത്തറ എന്ന മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി പോകുമായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളുടെയെല്ലാം പരിഹാരത്തിന് ആൽത്തറയിൽ പോകുന്നതിലൂടെ സാധിക്കുമെന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. ലേഖയുമായി വിവാഹം കഴിച്ചതോടെയാണ് ചന്ദ്രന്റെ സാമ്പത്തിക ബാധ്യതകൾ തുടങ്ങിയതെന്നാണ് കൃഷ്ണമ്മ വിശ്വസിച്ചിരുന്നത്. ലേഖയ്ക്ക് ദോഷങ്ങളുണ്ടെന്നും, ഇത് മാറുന്നതിന് മന്ത്രവാദമാണ് പരിഹാരമെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു. ഇത് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കൃഷ്ണമ്മ ഇടയ്ക്ക് ലേഖ വിഷം കഴിച്ചതായി പ്രചരിപ്പിച്ച് മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. സംഭവത്തിൽ കൃഷ്ണമ്മയ്ക്കും, ചന്ദ്രന്റെ സഹോദരിയ്ക്കും സഹോദരി ഭർത്താവിനും ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
ലേഖയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിന്റെ അമ്മകൊലപ്പെടുത്താൻ ശ്രമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രനിൽ നിന്നും ലേഖയെ അകറ്റിയെങ്കിൽ മാത്രമേ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവൂ എന്നാണ് കൃഷ്ണമ്മ വിശ്വസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കൃഷ്ണമ്മെയയും ചന്ദ്രനെയും അടക്കമുള്ള ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്യാനായി ഒരുങ്ങുന്നത്. ബാങ്കിൽ നിന്നും നോട്ടീസ് വരുമ്പോൾ ഈ നോട്ടീസ് പൂജിക്കുകയാണ് ഇവർ ചെയ്തിരുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. എല്ലാ ബാധ്യതകളും പ്രശ്‌നങ്ങളും പൂജകളിലൂടെയും മന്ത്രവാദത്തിലൂടെയും പരിഹരിക്കാൻ സാധിക്കുമെന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. തന്റെ പ്രശ്‌നങ്ങളെല്ലാം പൂജകളിലൂടെയാണ് പരിഹരിച്ചിരുന്നതെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നതായി അയൽവാസികളോട് പറയുന്നു. ചന്ദ്രനെ മറ്റൊരു വിവാഹം കഴിപ്പിക്കുന്നതിനാണ് കൃഷ്ണമ്മ ശ്രമിച്ചിരുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ നിലവിൽ കസ്റ്റഡിയിലുള്ള നാലുപേരെയും ചോദ്യം ചെയ്യുകയും, തുടർന്ന് അയൽവാസികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നതോടെ മാത്രമേ കൂടുതൽ നടപടികളിലേയ്ക്ക് കടക്കാൻ സാധിക്കൂ.