
കള്ളനെ പിടിക്കാൻ പൊലിസിനെ സഹായിച്ചപ്പോൾ സോമന്റെ സൈക്കിൾ തവിട്‌പൊടി.പുത്തൻ സൈക്കിൾ വാങ്ങി നല്കി അർത്തുങ്കൽ പൊലിസ്
സ്വന്തംലേഖകൻ
ചേർത്തല: പി.എസ്.സി പരിശീലന ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന 21 കാരിയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് കടക്കാൻ ശ്രമിച്ചയാളെ തന്റെ സൈക്കിളിൽ വട്ടമിട്ട് സാഹസികമായി പിടികൂടിയ തയ്യൽത്തൊഴിലാളിക്ക് പൊലീസിന്റെ സ്‌നേഹോപഹാരം.ചേർത്തല തെക്ക് പഞ്ചയത്ത് 12-ാം വാർഡ് മായിത്തറ പാലോടത്തുവെളി സോമനാണ് (66) അർത്തുങ്കൽ പൊലീസ്, അന്ന് തകർന്ന സൈക്കിളിന് പകരമായി പുത്തൻ സൈക്കിൾ സമ്മാനിച്ചത്. മോഷ്ടാവിനെ പിടികൂടുന്നതിനിടെ സോമന്റെ സൈക്കിൾ പൂർണമായി തകർന്നിരുന്നു. ഏപ്രിൽ 5ന് തിരുവിഴ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ചെടുത്തത്. എതിർദിശയിൽ സൈക്കിളിലെത്തിയ സോമൻ സംഭവം കാണുകയും മോഷ്ടാവായ ആര്യാട് ഷാഫി മൻസിലിൽ ഷാഫിയുടെ ബൈക്കിന് കുറുകെ തന്റെ സൈക്കിളിട്ട് പിടികൂടുകയായിരുന്നു. അതിവേഗം എത്തിയ ബൈക്കിന് മുന്നിലേക്ക് സൈക്കിൾ വീണതോടെ നിയന്ത്‌റണം തെറ്റിയ ബൈക്കുമായി ഷാഫി റോഡിൽ വീണു. സ്ഥലത്തുണ്ടായിരുന്ന ആട്ടോഡ്രൈവർ അനീഷും സുഗതനും ചേർന്ന് ഷാഫിയെ കീഴ്പ്പെടുത്തി അർത്തുങ്കൽ പൊലീസിന് കൈമാറി.മാതൃകാപരമായ ഇടപെടൽ കണക്കിലെടുത്ത് അർത്തുങ്കൽ സ്റ്റേഷനിലെ 44 പൊലീസുകാർ ചേർന്ന് മേയ് മാസത്തെ ശമ്പളത്തിൽ നിന്ന് തുക സമാഹരിച്ചാണ് സോമന് പുതിയ സൈക്കിൾ വാങ്ങിയത്. 5,200 രൂപയായി സൈക്കിളിന്. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമി സൈക്കിൾ കൈമാറി. കുറ്റകൃത്യങ്ങളിൽ കാഴ്ചക്കാരാകാതെ അവസരോചിതമായും സമൂഹത്തിന് പ്രയോജനകരമായും ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതും പൊലീസിന്റെ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. അർത്തുങ്കൽ എസ്.ഐ എ.ബി. ബിപിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.