ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ അന്വേഷണം പോലും നടത്താനാവാതെ കേസുകള്‍ക്ക് ക്ലൈമാക്സ്; മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ല, കേസിന് താല്‍പര്യമില്ലെന്ന് പലരുടെയും മറുപടി; മൊഴി ആവശ്യപ്പെട്ട് കോടതി വഴിയും നോട്ടീസ്; മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ എഴുതിതളളാന്‍ ഒരുങ്ങുന്നു. മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലന്ന് പൊലീസ്. നോട്ടീസിനും മറുപടി നല്‍കിയില്ലങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും.

എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്ത് കേസുകളുടെ പ്രളയമായിരുന്നു. രഞ്ജിത്തും സിദ്ദിഖും മുകേഷും ജയസൂര്യയും ഉള്‍പ്പടെ പ്രമുഖരടക്കം നാല്‍പ്പതിലേറെപ്പേര്‍ പ്രതിപ്പട്ടികയില്‍. രണ്ട് തരത്തിലായിരുന്നു കേസുകളെടുത്തത്. ഒന്ന് നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍. രണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍.

അങ്ങനെ 35 കേസാണ് എടുത്തത്. പേര് പുറത്തുവരാത്ത പല പ്രമുഖര്‍ക്കുമെതിരെയാണ് ഈ മൊഴികള്‍. പക്ഷെ അന്വേഷണം പോലും നടത്താനാവാതെ ഈ കേസുകള്‍ക്ക് ആന്‍റിക്ലൈമാക്സാവുകയാണ്. കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയാറല്ല. ആറ് വര്‍ഷം മുന്‍പാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങള്‍ പറഞ്ഞത്. അന്നത്തെ സാഹചര്യം മാറി, കേസിന് താല്‍പര്യമില്ലെന്നുമാണ് പലരുടെയും മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന വഴിയെന്ന നിലയില്‍ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടീസ് അയച്ചു. അതിനും ഇതുവരെ ആരും മറുപടി നല്‍കിയില്ല. ഈ മാസം അവസാനം വരെ നോക്കും. മറുപടിയില്ലങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇപ്പോഴും ചില വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

അത്തരം വെളിപ്പെടുത്തലുകളില്‍ ഇനി സ്വമേധയാ കേസെടുക്കേണ്ടെന്നും പൊലീസ് തീരുമാനിച്ചു. അതേസമയം, സിദ്ദിഖും മുകേഷും രഞ്ജിത്തും ഉള്‍പ്പടെ പ്രമുഖര്‍ക്കെതിരെയെടുത്തത് പരാതികളുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള 9 കേസുകളില്‍ കുറ്റപത്രം നല്‍കി. അവശേഷിക്കുന്നവയിലും ഈ മാസം തന്നെ കുറ്റപത്രം നല്‍കും.