video
play-sharp-fill

പത്താംക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരന്റെ കാലൊടിഞ്ഞ സംഭവം: മൂന്നുവിദ്യാർത്ഥികൾക്കെതിരെ കേസ്

പത്താംക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരന്റെ കാലൊടിഞ്ഞ സംഭവം: മൂന്നുവിദ്യാർത്ഥികൾക്കെതിരെ കേസ്

Spread the love

കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് കാലിന് സാരമായി പരിക്കേറ്റത്.

സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് മൂന്നുവിദ്യാർത്ഥികളുടെ പേരിൽ കേസെടുത്തു. ഫെബ്രുവരി 23ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ടർഫിലാണ് സംഭവം. ഇതേ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ രണ്ടുപേരും സമീപത്തെ സ്കൂളിലെ വിദ്യാർത്ഥിയും ചേർന്ന് ആക്രമിച്ചതായാണ് പരാതി.

കുട്ടിയുടെ അമ്മ പള്ളിക്കര തെക്കേക്കുന്നിലെ ടി.ജി. പ്രജിതയാണ് കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഇതേ സ്കൂളിൽ പഠിക്കുന്ന വിശാഖിന്റെ സഹോദരനെ സമീപത്തെ സ്കൂളിലെ ചില വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചിരുന്നു. ഈ വിഷയത്തിന്റെ പേരിലാണ് അനുജനായ വിശാഖിനെ ആക്രമിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്തടിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തശേഷം ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ടെന്നും വീഴ്ചയിൽ വലതുകാലിന്റെ എല്ലൊടിഞ്ഞെന്നും പരാതിയിൽ പറയുന്നു. വയറ്റിൽ കത്തികയറ്റുമെന്ന് കൂട്ടത്തിലെ ഒരു വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശാഖിനെ ആസ്പത്രിയിലെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.

മാതാപിതാക്കളെത്തിയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അമ്മയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് വീട്ടിലെത്തി മൊഴിയെടുത്തു. പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ഒൻപതാം ക്ലാസിൽ ഇതുവരെ നടന്ന പരീക്ഷകളും വിശാഖിന് നഷ്ടമായി.