
പെന്‍സില്‍ ക്യാമ്പ്; യംഗ് മെന്റേഴ്സ് പരിശീലനം ആരംഭിച്ചു
സ്വന്തംലേഖകൻ
കോട്ടയം : മാലിന്യ സംസ്ക്കരണം കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പെന്‍സില്‍ ക്യാമ്പിന്റെ ഭാഗമായി യംഗ് മെന്റേഴ്സ് പരിശീലനം ആരംഭിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15നും 20 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ഹരിതകേരളം മിഷന്, കില, കുടുംബശ്രീ, ശുചിത്വമിഷന്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി ബാലസഭകള് കേന്ദ്രീകരിച്ച് നടത്തുന്ന പെന്‍സില്‍ അവധിക്കാല ക്യാമ്പ് ഇവരുടെ നേതൃത്വത്തിലാകും സംഘടിപ്പിക്കുക.
ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ വിതരണോദ്ഘാടനം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം ഷെഫീഖ് പുസ്തകം ഏറ്റുവാങ്ങി. ഹരിത കേരളം മിഷനും കിലയും ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്.
സബ് കളക്ടര്‍ ഈശ പ്രിയ, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.