കാഴ്ചാ പരിമിതികളുള്ളവര്‍ക്ക് കോടതിയില്‍ ന്യായാധിപനാകാന്‍ തടസ്സമില്ല, ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ജുഡീഷ്യല്‍ സേവനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി

Spread the love

ഡല്‍ഹി: കാഴ്ചാ പരിമിതികളുള്ളവര്‍ക്ക് കോടതിയില്‍ ന്യായാധിപനാകാന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതി. മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസസ് ചട്ടം റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ചയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

ഒരു ഉദ്യോഗാര്‍ത്ഥിക്കും അവരുടെ ഭിന്നശേഷിയുടെ പേരില്‍ ജുഡീഷ്യല്‍ സര്‍വീസുകളിലെ റിക്രൂട്ട്മെന്റിന് ഹാജരാകാനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഭിന്നശേഷിയുള്ള വ്യക്തികള്‍ ജുഡീഷ്യല്‍ സേവനങ്ങളില്‍ ഒരു വിവേചനവും അഭിമുഖീകരിക്കരുതെന്നും അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞ ബെഞ്ച്, ഭിന്നശേഷിയുടെ പേരില്‍ ഒരു ഉദ്യോഗാർത്ഥിക്കും അത്തരം അവസരം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസസ് റൂള്‍സ് (6A) പ്രകാരം കാഴ്ചാ ഭിന്നശേഷിയുള്ളവരെ ജുഡീഷ്യല്‍ സര്‍വീസുകളിലേക്കുള്ള നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് വിലക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഴ്ചാ വൈകല്യമുള്ള മകന്‍ ജഡ്ജിയാകാന്‍ ആഗ്രഹിച്ചിട്ടും റിക്രൂട്ട്മെന്‍റ് പ്രക്രിയയിൽ ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മ, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഭിന്നശേഷിയുള്ളവരെ ബഹിഷ്‌കരിക്കുന്ന പരോക്ഷമായ വിവേചനങ്ങള്‍, നടപടിക്രമങ്ങളുടെ തടസ്സങ്ങള്‍ എന്നിവ മൗലികമായ സമത്വം നിലനിര്‍ത്തുന്നതിന് തടസ്സമാണെന്ന് മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

കാഴ്ചാ പരിമിതിയുള്ള ഒരാള്‍ക്ക് സുപ്രീം കോടതി ജഡ്ജിയാകാന്‍പോലും സാധിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ആ വിധിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കാഴ്ച പരിമിതിയുള്ള ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിരുന്നു.