എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ;  പരീക്ഷ നടത്തിപ്പില്‍ പ്രതിസന്ധി ഉണ്ടാകുമോ… വകുപ്പിന്റെ ആശങ്ക ; പരീക്ഷാ ചുമതലയില്‍ നിന്ന് രക്ഷപ്പെടാൻ രോഗികളായി ചമഞ്ഞ് അധ്യാപകര്‍ ; ആരോഗ്യപ്രശ്നം മൂലമുള്ള അവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ; ഇടപെടൽ ആവശ്യപ്പെട്ട് കെപിഎസ്ടിഎ

Spread the love

തിരുവനന്തപുരം: പരീക്ഷാ ചുമതലയില്‍ നിന്ന് രക്ഷപ്പെടാൻ രോഗികളായി ചമഞ്ഞ് അധ്യാപകർ. ആരോഗ്യപ്രശ്നം മൂലമുള്ള അവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകരാണ് ഇത്തവണ മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ സമർപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ ( KPSTA) പൊതു വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു.

video
play-sharp-fill

ഇന്നാണ് സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകള്‍ ആരംഭിക്കുന്നത്. ഈ പരീക്ഷകളുടെ ചുമതല വഹിക്കേണ്ട അധ്യാപകരാണ് പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറുന്നത്. പരീക്ഷ നടത്തിപ്പ് – മൂല്യനിർണയ പ്രവർത്തനങ്ങള്‍ എന്നിവയില്‍ നിന്നും അടിയന്തര കാരണമുള്ളവർ മാത്രമേ മാറിനില്‍ക്കാൻ പാടുള്ളൂ എന്ന് പലതവണ വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അത് നടപ്പിലാവുന്നില്ല.

ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ പരീക്ഷ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകർ അധികൃതരെ സമീപിച്ചിട്ടുണ്ട്. പല ഓഫീസുകളിലും ശാരീരിക ബുദ്ധിമുട്ട് സൂചിപ്പിച്ചുകൊണ്ടുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ കുന്നുകൂടി. ഇതോടെ പരീക്ഷ നടത്തിപ്പില്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വകുപ്പിന്റെ ആശങ്ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍ക്കാലിക പരിഹാരം എന്നോണം ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനായി സ്വതന്ത്ര എല്‍പി, യുപി സ്കൂളുകളിലെ അധ്യാപകരെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. പക്ഷേ ഈ നടപടിയും വിവാദമായി. പഠനോത്സവത്തിന്റെയും പരീക്ഷാ തയ്യാറെടുപ്പിന്റെയും തിരക്കിനിടയില്‍ പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.

വർഷങ്ങളായി പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും നിന്ന് മുങ്ങുന്ന അധ്യാപകർ ഉണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യത്തില്‍ ഇടപെട്ട് ഓരോ അധ്യാപകർക്കും കൃത്യമായി ചുമതലയിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു.