
കോഴിക്കോട് : സ്കൂട്ടർ യാത്രികയെ കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച താമരശ്ശേരി പുതുപാടി പെരുമ്പള്ളി തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (22) ആണ് പൊലീസിന്റെ പിടിയിലായത്. എൻഐടിയുടെ ഭാഗത്തുനിന്നു പിലാശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിൽ എത്തിയ പ്രതി പുള്ളാവൂർ കുറുങ്ങോട്ടു പാലത്തിന് സമീപത്ത് എത്തിയപ്പോൾ കടന്നു പിടിക്കുകയായിരുന്നു.
നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്കൂട്ടറിൽ പോകുന്ന സമയത്ത് കടന്നു പിടിച്ചതിനും ഇയാൾക്കെതിരെ കുന്ദമംഗലം സ്റ്റേഷനിൽ കേസുണ്ട്. താമരശ്ശേരി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നത പ്രദർശിപ്പിച്ചതിനും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കടന്നു പിടിക്കുകയും ഇൻസ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോർഫ് ചെയ്ത ചിത്രം അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ താമരശ്ശേരി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ, ജിബിഷ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group