
കോട്ടയം: ഏറെ ആരോഗ്യ ഗുണങ്ങളടങ്ങിയ ഡ്രൈ നട്സാണ് പിസ്ത. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, കെ, സി പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങീ പോഷകങ്ങളാല്‍ സമ്പുഷ്ടമാണിത്.
പിസ്ത പതിവായി കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പിസ്ത കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പിസ്ത കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ?
1. ശരീരഭാരം നിയന്ത്രിക്കുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിസ്തയില്‍ ധാരാളം ഊർജം അടങ്ങിയിരിക്കുന്നതിനാല്‍ ഏറെ നേരം ഉന്മേഷത്തോടെ ഇരിക്കാൻ സാധിക്കുന്നു. ഇത് കൂടാതെ, ഇതിലെ ഫൈബറും പ്രോട്ടീനും ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. സ്ഥിരമായി പിസ്ത കഴിക്കുന്നത് ബോഡി മാസ് ഇൻഡക്സ്(ബി.എം.ഐ.) കുറയ്ക്കാനും സഹായിക്കുന്നു
2. ഹൃദയാരോഗ്യം നിലനിർത്തുന്നു
പിസ്തയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, ആൻ്റി ഓക്സിഡൻ്റുകള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉയർന്ന അളവിലുള്ളതിനാല്‍ ഹൃദയാരോഗ്യം നിലനിർത്താനും പിസ്ത ഗുണം ചെയ്യും.
3. കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
പിസ്തയിലെ പ്രധാന ഘടകം ഫൈബർ ആണ്. കുടലിലെ നല്ല ബാക്ടീരിയകളാണ് സാധാരണ ഫൈബർ ദഹിപ്പിക്കാൻ സഹായിക്കുന്നത്. ഇത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ കടന്ന് ഫാറ്റി ആസിഡാക്കി മാറ്റുകയാണ് ചെയ്യുക. ഈ പ്രക്രിയയിലൂടെ ദഹനപ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും.
4. പ്രമേഹം നിയന്ത്രിക്കുന്നു
പിസ്ത പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പിസ്ത കഴിച്ച ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ ഭക്ഷണം കഴിക്കാതെയുള്ള, ഫാസ്റ്റിങ് ബ്ലഡ് ഷുഗറില്‍ 9 ശതമാനത്തിന്റെ വരെ കുറവ് കണ്ടെത്തിയതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദീർഘകാലത്തേക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് പിസ്ത സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
5. ദഹനം മെച്ചപ്പെടുത്തുന്നു
പിസ്തയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പിസ്ത ഫലം ചെയ്യും.
6. കണ്ണിന്റെ ആരോഗ്യം
കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റി ഓക്സിഡൻ്റുകളാല്‍ സമ്ബന്നമാണ് പിസ്ത. കാഴ്ച വര്‍ദ്ധിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.
7. തലച്ചോറിന്റെ ആരോഗ്യം
പിസ്തയിലെ വിറ്റാമിൻ ബി 6, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുമെന്ന് ദി ജേർണല്‍ ഓഫ് ന്യൂട്രീഷനില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും
8. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും
വിറ്റാമിൻ ഇ ഉള്‍പ്പെടെയുള്ള ശക്തമായ ആൻ്റി ഓക്സിഡൻ്റുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകള്‍, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും



