
പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതെ വിട്ട ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് സാക്ഷിയായ വനിതാ ഡോക്ടർ . പോലീസ് മേധാവിയ്ക്ക് കത്ത് കൈമാറി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ .
പിതാവിനെ മകൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട കോടതി വിധിയ്ക്ക് എതിരെ സർക്കാർ അപ്പീൽ പോകണമെന്ന് ആവിശ്യപ്പെട്ട് കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ വനിതാ ഡോക്ടർ നൽകിയ കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പോലീസ് മേധാവിയ്ക്ക് കൈമാറി . പാറശ്ശാല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെ മെഡിക്കൽ ഓഫീസറായ ഡോ. ലീന വിശ്വനാണ് ഇത് സംബന്ധിച്ച കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ റ്റി . എ . ഷാജിയ്ക്ക് നൽകിയത് .
2016 ഡിസംബർ 10-ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . തിരുവനന്തപുരം ജില്ലയിൽ കാരോട് വില്ലേജിൽ ഊരമ്പു കുഴിഞ്ഞാൻവിളയിൽ താഴവിള വീട്ടിലെ തങ്കപ്പനെ കമ്പി കൊണ്ട് മകൻ തലയ്ക്ക് അടിച്ചതിൽ ഗുരുതര പരുക്ക് പറ്റിയതാണ് മരണ കാരണമായി പൊഴിയൂർ പോലീസ് എടുത്ത കേസിലെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഡോക്ടർക്ക് മുന്നിൽ പരിക്ക് പറ്റിയ തങ്കപ്പനെ രാത്രി ഒരു മണിയോടെയാണ് ചികിത്സക്കായി എത്തിച്ചത് . തലയിലെ മുറിവ് തുന്നി കെട്ടി പ്രാഥമിക ചികിത്സ നല്കുന്നതിനിടയിൽ രോഗി ശർദ്ദിക്കുകയും അബോധാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു . ഉടൻ ഓ . പി . ടിക്കറ്റിലൂടെ മെഡിക്കൽ കോളേജിലേയ്ക്ക് രോഗിയെ റഫർ ചെയ്തു . മകൻ തലയ്ക്ക് അടിച്ചതിനാൽ മുറിവ് പറ്റിയതായിട്ടുള്ള തങ്കപ്പൻ നൽകിയ മൊഴിയും ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ട് .
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ച രോഗിയെ കൊണ്ട് വന്നവർ വീട്ടിലേയ്ക്ക് കൊണ്ട് പോകുകയും രോഗി സ്വന്തം വീട്ടിൽ ഉച്ചയോടെ മരണപ്പെട്ടു . മതിയായ ചികിത്സ ആശുപത്രിയിൽ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത് .
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ച സമയം തെളിവുകളോടെ പരിശോധിക്കപ്പെട്ടില്ല . പ്രാഥമിക ചികിത്സ നൽകിയ രേഖകൾ പരിഗണിച്ചില്ല . പാറശ്ശാല ആശുപത്രിയിൽ നിന്നും ഒപി ടിക്കറ്റിലൂടെ മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്ക് റെഫർ ചെയ്ത രോഗിയെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോയ ഗുരുതര കുറ്റകൃത്യ നടപടി മറയ്ക്കപ്പെടുകയും മറ്റും ചെയ്തു .
അതിനാൽ പ്രതിയെ വെറുതെ വിട്ട നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമെന്നാണ് മരണപ്പെട്ടയാൾക്ക് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ വനിതാ ഡോക്ടർ ആവശ്യപ്പെടുന്നത് . ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖേനയാണ് പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനെ വനിതാ ഡോക്ടർ ഇത് സംബന്ധിച്ച് സമീപിച്ചിരിക്കുന്നത് .