video
play-sharp-fill
സൈബർ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത  യുവാവ് അറസ്റ്റിൽ.

സൈബർ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

സ്വന്തംലേഖകൻ

പാലോട് : സൈബർ സെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി മടത്തറ ഇലവുപാലം തേരി ബർക്കത്ത് മൻസിലിൽ എ. അബ്ദുൽ ഷിബു (44) അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയും അബ്ദുൽ ഷിബുവിന്റെ ഭാര്യയുമായ മദീന, ഇവരുടെ കൂട്ടാളികളായ ഷാൻ, മുഹമ്മദ് ഷാഫി എന്നിവരെ എട്ടു മാസം മുമ്പ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.റൂറൽ എസ്.പി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൽ ഷിബുവിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. പാലോട് സ്വദേശിയായ വീട്ടമ്മയാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വീട്ടമ്മയുടെയും മക്കളുടെയും സ്വകാര്യ വിവരങ്ങൾ മനസിലാക്കി ഇന്റർനെറ്റ് കാൾ മുഖേന മൊബൈലിൽ വിളിച്ച് നഗ്‌ന ഫോട്ടോകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് ഇന്റർനെറ്റിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സർക്കാരിൽ 10 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും രണ്ടു തവണയായി 10 ലക്ഷം രൂപ ഭാര്യയെയും സഹായികളെയും അയച്ച് തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്.