വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം; ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം

Spread the love

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം.

കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി (38) ആണ് മരിച്ചത്. അശ്വതിയുടെ ഭര്‍ത്താവ് കേരള ബാങ്ക് ഉദ്യോഗസ്ഥനായ ബിനു (49) പരിക്കുകളോടെ ചികിത്സയിലാണ്. എം.സി. റോഡില്‍ നിലമേല്‍ ശബരിഗിരി സ്‌കൂളിന് മുന്നില്‍ ശനിയാഴ്ച 11.30നാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റു.

കുരിയോട് നെട്ടേത്തറയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ 11 മണിയോടെയാണ് നെട്ടേത്തറയില്‍ വൈദ്യുതത്തൂണില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കുടുംബത്തെ മറ്റൊരു കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനായി പോകുമ്പോഴാണ് ആ കാര്‍ അപകടത്തില്‍ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍നിന്ന് തണ്ണിമത്തന്‍ കയറ്റിവന്ന ടോറസ് ലോറി റോഡില്‍ തിരിക്കുന്നതിനിടെ പെട്ടെന്ന് ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെയാണ് വേഗത്തിലെത്തിയ കാര്‍ ബൈക്കിലും തുടര്‍ന്ന് ലോറിയിലും ഇടിച്ചുകയറിയത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വെട്ടുവഴിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ബൈക്കിലെത്തിയ അശ്വതിയും ബിനുവും.

അപകടത്തില്‍ അശ്വതിയുടെ കൈ അറ്റുപോയിരുന്നു. കാര്‍ യാത്രക്കാരായ പോരുവഴി തോട്ടത്തില്‍ വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹിന (38), മക്കളായ ആദം (ഏഴ്), അമന്‍ (ആറ്), കാര്‍ ഡ്രൈവര്‍ നെട്ടേത്തറ സരസ്വതിവിലാസത്തില്‍ പ്രസാദ് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വതിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.