
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം.
പ്രതിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും ആലത്തൂർ കോടതിയിൽ അഡ്വ ജേക്കബ് മാത്യു മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ഈ ജാമ്യഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.
2019 ആഗസ്ത് 31ന് പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ചെന്താമര ജാമ്യംകിട്ടി പുറത്തുവന്നശേഷം സജിതയുടെ ഭർത്താവ് പോത്തുണ്ടി ബോയൻ കോളനി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ജനുവരി 27ന് കൊലപ്പെടുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയും മകളും ഉപേക്ഷിച്ചുപോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. അതിനുശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി രണ്ട് കൊലപാതകങ്ങൾകൂടി നടത്തിയത്.
29ന് പൊലീസ് പിടികൂടി. വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു. ആദ്യ കേസിൽ ചെന്താമരയ്ക്ക് ലഭിച്ച ജാമ്യം കഴിഞ്ഞദിവസം പാലക്കാട് സെഷൻസ് കോടതി (നാല്) റദ്ദാക്കി. പൊലീസ് അപേക്ഷ പരിഗണിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.