
കോട്ടയം: കോട്ടയം നഗരസഭയിൽ വിജിലൻസ് പരിശോധന നടക്കുന്നു. ഓഡിറ്റ് റിപ്പോർട്ടിലെ 211 കോടിയുടെ ക്രമക്കേട് ആരോപണത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്. വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിൻ്റെ നേതൃത്തിലാണ് പരിശോധന നടത്തുന്നത്. ജില്ലാ ഓഡിറ്റ് ഓഫീസറും പരിശോധനാ സംഘത്തിലുണ്ട്.
ഇന്നലെ ചേർന്ന കൗൺസിൽ ഓഡിറ്റ് റിപ്പോർട്ട് സാങ്കേതിക പിഴവ് മാത്രമാണെന്നും പണം നഷ്ടമായിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്. കണക്കിൽ കണ്ടെത്തിയ 211 കോടിയുടെ പൊരുത്തക്കേട് സംബന്ധിച്ചാണ് പരിശോധന.വിവിധ ഓഡിറ്റ് ഏജൻസികളുടെയും വകുപ്പുകളുടെയും റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന തീർപ്പാക്കാത്ത കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കും.
തദ്ദേശ സ്വയംഭരണവകുപ്പ് കോട്ടയം ജോ. ഡയകറക്ടറുടെ നിർദ്ദേശപ്രകാരം നഗരസഭയിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ 2024 സെപ്തംബർ ആറിന് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. റീകൺസിലിയേഷൻ രേഖകൾ പരിശോധിച്ചതിൽ വർഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് രൂപ നഗരസഭയുടെ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ലഭിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കാത്തതിനാൽ ലഭിച്ചതായി രേഖപ്പെടുത്തിട്ടുള്ള ചെക്കുകളുടെ ആധികാരികത പരിശോധിക്കാനായിട്ടില്ല. വിവിധ ബാങ്കുകളുടെ റീകൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ ഭൂരിഭാഗം അക്കൗണ്ടുകളിലും തുകകളും അക്കൗണ്ടിൽ യഥാർഥത്തിൽ നീക്കിയിരുപ്പുള്ള തുകകളുമായി വലിയ അന്തരമുണ്ട്.
കാലാലങ്ങളിൽ അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിവരം നൽകാൻ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട പരിശോധന വിഭാഗത്തിന് നൽകിയില്ല. 200 കോടിയോളം രൂപ ബാങ്കിൽ വരവ് വന്നിട്ടില്ല. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ പ്രൊഫഷണൽ അക്കൗണ്ടിങ് വിദഗ്ധർ ഉൾപ്പെട്ട സംഘം വിശദ പരിശോധനയ്ക്കും മുനിസിപ്പാലിറ്റിയുടെ നഷ്ടം നികത്താനായി അതത് കാലത്തെ ഉദ്യോഗസ്ഥരോട് സെക്രട്ടറി മുഖേന വിശദീകരണം തേടാനും നിയമാനുസൃത നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘം നഗരസഭയിൽ ഫെബ്രുവരി നാലുമുതൽ ഏഴുവരെ പരിശോധന നടത്തി. പ്രാഥമിക വിവരപ്രകാരം വൻഅഴിമതിയും ക്രമക്കേടും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.