
കായംകുളം: ആലപ്പുഴ മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നകേസിൽ ഒരാൾ കസ്റ്റഡിയിൽ. കൃഷ്ണമ്മയുടെ കൂടെ കുറച്ച് ദിവസമായി വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി പിടിയിൽ ആകാനുണ്ട്.
കഴിഞ്ഞ ദിസം പുലർച്ചെയായിരുന്നു ഒറ്റയ്ക്ക് താമസിച്ചിരുന്ന 62കാരി കൃഷ്ണമ്മയെ കെട്ടിയിട്ട് വീട്ടിൽ കവർച്ച നടത്തിയത്. മുഖത്തടിയേറ്റ് നിലത്ത് വീണ തന്നെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു എന്ന് കൃഷ്ണമ്മ പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠനെയാണ് രാമങ്കരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കൃഷ്ണമ്മയ്ക്കൊപ്പം ഏതാനും ദിവസങ്ങളായി താമസിച്ച യുവതി ഉൾപ്പടെ മൂന്ന് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു കൃഷ്ണമ്മയെ അടിച്ച് വീഴ്ത്തിയ ശേഷം കെട്ടിയിട്ട് വീട്ടിൽ കവർച്ച നടന്നത്. ഒപ്പം താമസിച്ചിരുന്ന യുവതിയെ കവർച്ചയ്ക്ക് ശേഷം കാണാനില്ലെന്നാണ് കൃഷ്ണമ്മ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ പണമുള്ള കാര്യം ഇവർക്ക് അറിയാമായിരുന്നു എന്നും കൃഷ്ണമ്മ പറയുന്നു. യുവതിയെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രികളിലെ രോഗികൾക്ക് കൂട്ടിരിപ്പിന് പോകുന്ന കൃഷ്ണമ്മ ഒറ്റക്കാണ് താമസം. ജോലിക്കിടയിൽ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതി കഴിഞ്ഞ ബുധനാഴ്ച മുതലാണ് കൃഷ്ണമ്മയ്‌ക്കൊപ്പം മാമ്പുഴക്കരിയിലെ വീട്ടിൽ താമസിക്കാനെത്തിയത്.
മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടു പാത്രങ്ങൾ,എടിഎം കാർഡ് എന്നിവയാണ് കൃഷ്ണമ്മയുടെ വീട്ടിൽ നിന്നും നഷ്ടമായത്. പുലർച്ചെ കവർച്ച സംഘം പോയ ശേഷം കാലിലെ കെട്ടഴിച്ച് കൃഷ്ണമ്മ തന്നെയാണ് മോഷണ വിവരം അയൽവാസികളൈയും ബന്ധുക്കളെയും അറിയിച്ചത്. പിന്നാലെ പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠൻ പിടിയിലായത്.