കാർ തടഞ്ഞുനിർത്തി മരക്കഷ്ണം ഉപയോഗിച്ച് ചില്ല് തകർത്തു; യുവാവിനെ വലിച്ച് പുറത്തേക്കിട്ട് കല്ലുകൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും പരിക്കേൽപ്പിച്ചു; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടുറോഡില്‍ യുവാവിനെ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു

Spread the love

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് നന്‍മണ്ടയിലാണ് നല്ലളം സ്വദേശിയായ മുഹമ്മദ് സുഹൈറി (34) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിനാണ് നാട്ടുകാരുടെ വക പണികിട്ടിയത്.

അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെയും ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശനും സംഘവും അറസ്റ്റ് ചെയ്തു. ആരാമ്പ്രം എടത്തില്‍ നിയാസ് (43), വഴിക്കടവ് നിസാം (30), പടനിലം കള്ളികൂടത്തില്‍ റഫീഖ് (42), വഴിക്കടവ് ഷംനാദ് (30), വഴിക്കടവ് തൈക്കാട്ടില്‍ മുഹമ്മദ് അഷ്‌റഫ് (30), പാതിരിപ്പാടം ചപ്പങ്ങല്‍ മുര്‍ഷിദ് (30) എന്നിവരാണ് പിടിയിലായത്.

സംഭവത്തിന്റെ വിശദവിവരങ്ങൾ ഇങ്ങനെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം തുടങ്ങിയത്. നന്മണ്ട-എഴുകുളം റോഡില്‍ മൂലേം മാവിന്‍ ചുവട്ടില്‍ വെച്ച് സുഹൈറും സുഹൃത്തും സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ രണ്ടു കാറുകളിലായെത്തിയ സംഘം തടയുകയായിരുന്നു. അക്രമികളെത്തിയ ഒരു കാര്‍ സുഹൈറിന്റെ കാറിന്റെ പിറകില്‍ ഇടിച്ചു. മറ്റൊരു കാര്‍ മുന്‍ഭാഗത്ത് കുറുകെയിട്ട് തടസ്സമുണ്ടാക്കി.

പിന്നീട് പുറത്തിറങ്ങിയ ഇവര്‍ മരക്കഷ്ണം ഉപയോഗിച്ച് സുഹൈറിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും വലിച്ച് പുറത്തേക്കിടുകയും ചെയ്തു. കല്ലുകൊണ്ട് അടിച്ചും കഴുത്തുഞെരിച്ചുമാണ് സുഹൈറിനെ പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റാഷിദിനും മര്‍ദ്ധനമേറ്റിട്ടുണ്ട്. സമീപത്തെ ഒരു കല്യാണ വീട്ടില്‍ നിന്നും ഈ വഴിയെത്തിയ ഏതാനും പേരാണ് യുവാക്കളെ ആക്രമിക്കുന്നത് കണ്ടത്.

ക്വട്ടേഷന്‍ സംഘം എത്തിയ വാഹനത്തിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരി മാറ്റിയതിനാല്‍ ഇവര്‍ക്ക് കാറില്‍ രക്ഷപ്പെടാനായില്ല. അഞ്ച് പേര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കൊടുവള്ളിയിലാണ് ഉള്ളതെന്ന് ബോധ്യമായി. തുടര്‍ന്ന് കൊടുവള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദുബൈയില്‍ ജോലി ചെയ്യുന്ന സുഹൈര്‍ അവിടെ നിലമ്പൂര്‍ സ്വദേശിയുമായി നടത്തിയ സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.