കരിക്കുവെള്ളവും ഹോമിയോ മരുന്നും പഴങ്ങളും കഫ് സിറപ്പും കഴിക്കരുത്… പ്രമേഹത്തിന്റെയും ബിപിയുടെയും മരുന്നുകൾ വിലക്കിയതിന് പിന്നാലെ ലോക്കോ പൈലറ്റുമാർക്ക് വിചിത്ര ഉത്തരവുമായി ദക്ഷിണ റെയിൽവേ

Spread the love

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാർക്ക് വിചിത്ര ഉത്തരവുമായി ദക്ഷിണ റെയിൽവേ. ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കുവെള്ളം കുടിക്കരുതെന്നും, ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുതെന്നാണ് പുതിയ ഉത്തരവ്.

ലോക്കോ സ്റ്റാഫ്​ ഡ്യൂട്ടിക്ക്​ കയറുമ്പോഴും ഇറങ്ങു​മ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത്​ അനലൈസർ പരിശോധനക്ക്​ വിധേയമാകണം. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരുന്നു.

എന്നാൽ, ഇത്തരത്തിൽ പിടികൂടുന്നവരുടെ രക്ത സാമ്പിളുകൾ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിക്കുമ്പോൾ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല. ഈ ‘പ്രതിഭാസം’ എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ്​​ ജീവനക്കാർ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങൾ, ഇളം തേങ്ങാവെള്ളം, ചിലതരം വാഴപ്പഴങ്ങൾ, കഫ് സിറപ്പ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നതാണ്​ ബ്രീത്ത്​ അനലൈസറി​ൽ ‘ബീപ്​ അടിക്കാൻ’ കാരണമെന്ന്​ റെയിൽവേ കണ്ടെത്തിയത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകാതെ, ഉത്തരവുമിറക്കി ‘‘ഡ്യൂട്ടിക്ക്​ കയറുന്നതിനോ ഇറങ്ങുന്നതി​നോ മുമ്പായി ഈ ഇനങ്ങൾ ഉപയോഗിക്കൽ പൂർണമായും നിരോധിച്ചിരിക്കുന്നു’’. ഇനി ഇവ ഒഴിവാക്കാനാകാത്ത സാഹചര്യമാ​ണെങ്കിൽ ഡ്യൂട്ടിയിലുള്ള ക്രൂ കൺട്രോളറെ കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണം. ക്രൂ കൺട്രോളർ ചീഫ്​ ക്രൂ കൺട്രോ​ളറെയും.

പ്രമേഹത്തിന്‍റെയും ബി.പിയുടെയും മരുന്നുകൾ കഴിക്കുന്നത്​ വിലക്കി ​രണ്ടാഴ്ച മുമ്പാണ്​ മെഡിക്കൽ വിഭാഗം മറ്റൊരു ഉത്തരവിറക്കിയത്​. ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയിൽവേ മെഡിക്കൽ ഓഫിസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാ​ത്രം വേണമെന്നാണ്​ നിർദേശം.

മാത്രമല്ല, ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബ്രീത്ത്​ അനലൈസർ പരിശോധനയിൽ മദ്യം കണ്ടെത്തുന്നത്​ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിന്​ സമാനമായി കണ്ട്​ നടപടിയെടുക്കുമെന്ന ഭീഷണിയും ചീഫ്​ ഇലക്​ട്രിക്കൽ എൻജിനീയറിങ്​ വിഭാഗം ഇറക്കിയ ഉത്തരവിലുണ്ട്​.

ചക്കപ്പഴം കഴിച്ച്​ ഡ്യൂട്ടിക്ക്​ കയറിയാലും ഊതുമ്പോൾ ബീപ്​ അടിക്കുകയാണെന്ന്​ ലോക്കോ പൈലറ്റുമാർ പറയുന്നു. ഉത്തരവ്​ ജീവനക്കാരെ ദ്രോഹിക്കാനുള്ള നീക്കമാണെന്ന നിലയിൽ കടുത്ത വിമർശനമുയരുമ്പോഴും മറുഭാഗത്ത്​ ട്രോളുകളും റെയിൽവേക്കെതിരെ വ്യാപകമാണ്​.