
മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഓവറാക്ടീവ് ബ്ലാഡർ. പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന തോന്നൽ, പകലും രാത്രിയും കൂടുതൽ തവണ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
സ്ത്രീകളിൽ കൂടുതൽ
സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് മൂത്രസഞ്ചിയുടെ മാംസപേശികൾ യഥാസമയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്. നാഡീസംബന്ധമായ തകരാറുകൾ ഈ പ്രവർത്തനത്തെ തകരാറിലാക്കുന്നത് രോഗത്തിനു കാരണമാകുന്നു. പ്രായമായവരിൽ ഈ രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമുള്ള മൂത്രതടസ്സം ഈ രോഗത്തിനു കാരണമാകാം. മെറ്റബോളിക് സിൻഡ്രം, ഫൈബ്രോമയാൽജിയ, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ മൂലവും ഈ രോഗമുണ്ടാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം, വ്യായാമം
ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് ഈ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം. ഭക്ഷണത്തിൽ ദ്രവരൂപത്തിലുള്ള പദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുക, എരിവുള്ളതും എണ്ണയിൽ വറുത്തതുമായ ആഹാരങ്ങൾ ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ വഴി രോഗത്തിന്റ തീവ്രത കുറയ്ക്കാം. അടിവയറിന്റെയും നാഭിയുടെയും മാംസപേശികൾക്കുള്ള വ്യായാമം രോഗം നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മാർഗങ്ങൾ കൊണ്ട് രോഗം നിയന്ത്രണവിധേയമായില്ലെങ്കിൽ മരുന്നുചികിത്സ ആവശ്യമായി വരാം.