
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ നടപടി. ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ പ്രിൻസ്, വേലു, അനന്തൻ, അലൻ പാർത്ഥൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥിയുടെ പരാതിയിലാണ് നടപടി. റാഗിംഗ് തന്നെയാണ് നടന്നതെന്ന് ആന്റി റാഗിംഗ് കണ്ടെത്തിയിരുന്നു.
കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് റാഗിങ്ങിനിരയായ വിദ്യാർഥികൾ പ്രതികരിച്ചു. പ്രകോപനം ഇല്ലാതെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചെന്നും യൂണിയൻ ഓഫീസിൽ മുട്ടുകുത്തി നിർത്തിച്ചെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സീനിയർ – ജൂനിയർ വിദ്യാർത്ഥി സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പതിനൊന്നാം തീയതി ഒന്നാം വർഷ വിദ്യാർഥിയായ അഭിഷേകിനെ മർദിക്കുന്നത്. അതേസമയം ഒപ്പം ഉണ്ടായിരുന്ന ബിൻസ് ജോസഫ് ഇടപെടുകയും തുടർന്ന് ഇരുവരെയും സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കഴക്കൂട്ടം പോലീസിലും കോളേജ് പ്രിൻസിപ്പലിനും വിദ്യാർഥികൾ പരാതി നൽകി.