സ്കൂട്ടർ യാത്രികരെ കാട്ടാന ആക്രമിച്ചു ; ഇരുചക്രവാഹനം ദൂരേക്കു വലിച്ചെറിഞ്ഞു ; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Spread the love

തിരുവനന്തപുരം : സ്‌കൂട്ടറിൽ വരുകയായിരുന്ന യുവാക്കളെ കാട്ടാന ആക്രമിച്ചു. ശാസ്താംനട സ്വദേശികളായ സുധി(32), രാജീവ്(40) എന്നിവരെയാണ് ആന ആക്രമിച്ചത്. പെരിങ്ങമ്മല പഞ്ചായത്തിലെ വേങ്കൊല്ല, ശാസ്താംനട റോഡിൽ രാത്രി 7.30ഓടെയാണ് സംഭവം.

സ്കൂട്ടറിൽ വന്ന രണ്ടുപേരെയും വണ്ടിയോടെ ആന മറിച്ചിടുകയായിരുന്നു. രാജീവിനാണ് കൂടുതൽ പരിക്ക്. ഇയാളുടെ ഇരു കാലുകൾക്കും പൊട്ടലുണ്ട്. സുധി വണ്ടിയുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആന ദൂരേക്കു വലിച്ചെറിഞ്ഞു.

വേങ്കൊല്ല ചെക്പോസ്റ്റിൽനിന്ന്‌ രണ്ട്‌ കിലോമീറ്റർ മാറി റോഡിലാണ് അപകടം. ഇവിടെ ക്ഷേത്രത്തിനു സമീപത്തെ കരിങ്കുറിഞ്ഞിപ്പച്ച എന്ന സ്ഥലത്താണ് കാട്ടാന ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കഴിഞ്ഞുവന്ന്‌ വേങ്കൊല്ല ജങ്ഷനിൽനിന്നും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു ഇരുവരും. പിന്നാലെ ജീപ്പിൽ വന്നവരാണ് പരിക്കേറ്റു കിടക്കുന്ന സുധിയെയും രാജീവിനെയും കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ കുളത്തൂപ്പുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റി. കഴിഞ്ഞയാഴ്ചയാണ് ഇതിനു സമീപത്തായി ബാബു എന്ന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നത്.