
ഡൽഹി:20 ദശലക്ഷം ഡോളറിന്റെ സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് കാനഡ അന്വേഷിക്കുന്ന സിമ്രാൻ പ്രീത് പനേസർ ഇന്ത്യയില്‍ സ്വൈര്യജീവിതം നയിക്കുന്നതായി റിപ്പോർട്ട്.
അന്വേഷണത്തില്‍ ഇയാള്‍ ചണ്ഡീഗഢിലുള്ളതായാണ് കണ്ടെത്തിയത്. 400 കിലോയുടെ സ്വർണ്ണക്കടത്ത് കേസില്‍ കാനഡയില്‍ ഇയാള്‍ക്കെതിരെ അറസ്റ്റുവാറന്റുണ്ട്.
2023 ഏപ്രിലിലാണ് ടൊറൻ്റോയിലെ പിയേഴ്സണ്‍ ഇൻ്റർനാഷണല്‍ എയർപോർട്ടിൻ്റെ കാർഗോ ടെർമിനലില്‍ നിന്ന് 400 കിലോഗ്രാം വരുന്ന 6,600 സ്വർണ്ണകട്ടികളും 2.5 ദശലക്ഷം ഡോളറിന് തുല്യമായ വിദേശ കറൻസികളും നഷ്ടപ്പെടുന്നത്. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവർച്ചകളിലൊന്നായിരുന്നു ഇത്. ഈ കേസിലെ പ്രധാനപ്രതികളിലൊരാളെന്ന് കനേഡിയന്‍ പൊലീസ് ആരോപിക്കുന്നയാളാണ് സിമ്രാൻ പ്രീത് പനേസർ.
ഈ സമയം, എയർ കാനഡയില്‍ മാനേജറായിരുന്ന പനേസർ, കവർച്ചയ്ക്കുപിന്നാലെ കാർഗോ ടെർമിനലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പൊലീസിന്റെ വഴികാട്ടിയായിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന്റെ സംശയം പനേസറിലേക്ക് നീണ്ടതോടെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. ‘പ്രോജക്ട് 24 കാരറ്റ്’ എന്നപേരിലുള്ള ഈ കേസിലിപ്പോഴും അറസ്റ്റുവാറണ്ട് നിലനില്‍ക്കവെയാണ് പനേസർ ചണ്ഡീഗഢില്‍ സ്വര്യജീവിതം നയിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനേസറിന് പുറമെ, മറ്റൊരു എയർ കാനഡ ജീവനക്കാരനായ പറമ്പല്‍ സിദ്ധു, കൂട്ടാളികളായ അർച്ചിത് ഗ്രോവർ, അമിത് ജലോട്ട, അർസലൻ ചൗധരി, അലി റാസ, അമ്മദ് ചൗധരി, പ്രസാദ് പരമലിംഗം, കനേഡിയൻ പൗരനായ ഡുറാൻ്റേ കിംഗ്-മക്ലീന് എന്നിങ്ങനെ നിലവില്‍ 9 പ്രതികളാണ് കേസിലുള്ളത്.
ഇതില്‍ പനേസറും സിദ്ധുവും ചേർന്നാണ് വിമാനത്താവളത്തിലെ സ്വർണ്ണകവർച്ചയ്ക്ക് ഒത്താശ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. കാർഗോ ടെർമിനലില്‍ നിന്ന് ട്രക്കിലൂടെ കടത്തിയ സ്വർണ്ണം ഉരുക്കി ദുബായിലെയോ ഇന്ത്യയിലെയോ വിപണിയിലേക്ക് എത്തിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ 89,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണവും സ്വർണ്ണമുരുക്കുന്നതിനായി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന അച്ചുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്