
സ്വന്തംലേഖകി
വണ്ടാനം: ശസ്ത്രക്രിയക്ക് മുന്നോടിയായി രോമം നീക്കം ചെയ്ത രോഗിയുടെ വയറിനു പുറത്താകെ മുറിവുകൾ. ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ, നാളെ കീറി മുറിക്കാനുള്ളതല്ലെ പിന്നെ ഈ ചെറിയ മുറിവുകൾ കാര്യമാക്കേണ്ടെന്ന് പരിഹാസത്തോടെ ആശുപത്രി ജീവനക്കാരുടെ മറുപടി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ചെയ്തികളെക്കുറിച്ച് രോഗിക്കും ബന്ധുക്കൾക്കും പരാതികളേറെ. കഴിഞ്ഞ ദിവസം ബൈപാസ് സർജറിക്ക് വിധേയനാക്കിയ ആളുടെ രോമം നീക്കിയതിൽ അശ്രദ്ധമൂലമാണ് മുറിവുകളുണ്ടായത്.ഈ പ്രവൃത്തി ചെയ്ത ആശുപത്രി ജീവനക്കാരൻ മദ്യപിച്ചിരുന്നതായാണ് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇതാണ് മുറിവുകൾ ഉണ്ടാകാൻ കാരണമായത്. ഈ രോഗിയെ കൂടാതെ മറ്റ് മൂന്ന് പേരുടെ കയ്യിലും കാലിലും ഇത്തരം മുറിവുകൾ കണ്ടിരുന്നു. ഇവർക്കും ഇതേ ജീവനക്കാരൻ തന്നെയാണ് രോമം നീക്കിയതെന്നും പറയുന്നു. രോഗിയോടൊപ്പമുള്ളവർ വിവരം ധരിപ്പിച്ചപ്പോൾ പരിഹാസ രൂപേണയായിരുന്നത്രേ പ്രതികരണം. കൂടാതെ രോമം നീക്കുന്നതിന് ഇയാൾ പണം ആവശ്യപ്പെട്ടതായും രോഗികളോടൊപ്പം ഉണ്ടായിരുന്നവർ പറയുന്നു.ആധുനിക സൗകര്യങ്ങളോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്നതെങ്കിലും ജീവനക്കാരുടെ അനാസ്ഥയും സ്വകാര്യ ആശുപത്രികളുമായി അടുപ്പമുള്ള ചില ഡോക്ടർമാരുടെ നടപടികളുമാണ് ഇവിടെ എത്തുന്ന രോഗികളെ വലയ്ക്കുന്നത്.
രോമം നീക്കിയതിലെ വീഴ്ച സംബന്ധിച്ച് ഈ രോഗി ചികിത്സയിൽ കഴിഞ്ഞിരുന്ന വാർഡിലെ നഴ്സുമാർ തനിക്ക് പരാതി നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി രാംലാൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ഇവരിൽ നിന്നും പരാതി വാങ്ങാൻ നഴ്സിങ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നിരവധി പരാതികൾ ഉയരാറുണ്ട്. എന്നാൽ സംഘടനകളുടെ മിന്നൽ പണിമുടക്ക് ഭയന്ന് നടപടി സ്വീകരിക്കാൻ അധികൃതർ മടി കാട്ടുകയാണ് പതിവ്.