
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു വിദ്യാര്‍ഥിയെ അങ്ങയേറ്റം കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചപ്പോഴാണ് ആ വിദ്യാര്‍ഥി ടിപി ശ്രീനിവാസന്റെ ചെവിട്ടത്തടിച്ചത്. അതിന് എസ്എഫ്‌ഐ മാപ്പുപറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞു.
‘എസ്എഫ്‌ഐ സംഘടനാപരമായി തീരുമാനിച്ച് അവിടെ ടിപി ശ്രീനിവാസനെ തല്ലണമെന്ന് കരുതി പോയതല്ല. സമാധാനപരമായി നടക്കുന്ന സമരത്തിനിടെ ചില വിദ്യാര്‍ഥികള്‍ അയാളെ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്ന വാക്കിനെതിരെയുണ്ടായ പ്രതികരണമായിരുന്നു അത്. മുന്നില്‍ നിന്ന് തന്തയ്ക്ക് വിളിച്ചതിലുള്ള പ്രതികരണമാണ് അവിടെയുണ്ടായത്. ടിപി ശ്രീനിവാസന്റെ നിലപാടിനെതിരെയുള്ള പ്രതികരണമോ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെയുണ്ടായ പ്രതികരണമോ ആയിരുന്നില്ല’- ആര്‍ഷോ പറഞ്ഞു.
കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങുമായി എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ല. അത് എസ് എഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ചിലരുടെ ശ്രമം. അവിടെ നടന്നത് ക്രൂരമായ റാഗിങ് ആണെന്നും കുറ്റക്കാരെ പഠനത്തില്‍ നിന്ന് വിലക്കണമെന്നും ആര്‍ഷോ പറഞ്ഞു. ഏതോ ക്രിമിനലുകള്‍ കാണിച്ച തോന്നിവാസത്തിന് ഉത്തരവാദിത്തപ്പെട്ട വിദ്യാര്‍ഥി സംഘടനയെ കുറ്റപ്പെടുത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആ കേസിലെ പ്രതിക്ക് എസ്എഫ്‌ഐയുടെ രണ്ടുരൂപാ മെമ്പര്‍ഷിപ്പ് പോലുമില്ല. കഴിഞ്ഞ കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ഗവ: നഴ്‌സിങ് സ്റ്റുഡന്റ് അസോസിയേഷന്‍ ഭാരവാഹിയാണ് പ്രതിയെന്നും ആര്‍ഷോ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥന്റെ മരണത്തിന് മുന്‍പ് ക്യാംപസില്‍ ഒരു പെണ്‍കുട്ടി പലകുറി അക്രമിക്കപ്പെട്ടുവെന്ന സിബിഐ കണ്ടെത്തല്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല. ഈ കണ്ടെത്തല്‍ തെറ്റായിരുന്നെങ്കില്‍ എന്തുകൊണ്ട് സിബിഐക്കെതിരെ സമരം ചെയ്തില്ല. സിബിഐ കുറ്റപത്രത്തില്‍ എസ്എഫ്‌ഐ എന്ന മൂന്നക്ഷരം ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.