
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു.
ഒന്നും രണ്ടും പ്രതികളായ കാസര്‍കോട് കൂനിക്കുന്ന് പാദൂര്‍ റോഡ് ചട്ടഞ്ചാല്‍ മുഹമ്മദ് ഇക്ബാല്‍ (ഇക്കു), തളങ്കര സ്വദേശി മുഹമ്മദ് ഹനീഫ് (ജാക്കി ഹനീഫ്) എന്നിവരെയാണ് ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വെറുതേ വിട്ടത്. പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ഇരുവര്‍ക്കുമെതിരായ കുറ്റാരോപണവും ശിക്ഷയും കോടതി റദ്ദാക്കിയത്.
വസ്തുതകള്‍ വേണ്ടവിധം പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന തെറ്റായ നിഗമനത്തിലെത്തിയതെന്നും കോടതി വിലയിരുത്തി. മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയിച്ച് മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ച ബാലകൃഷ്ണന് തിരികെ നാട്ടിലെത്തിയപ്പോള്‍ 2001 സെപ്റ്റംബര്‍ 18നാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുനയത്തില്‍ നാട്ടിലെത്തിച്ച് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് കാസര്‍കോട് നുള്ളിപ്പടിയില്‍നിന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിനു സമീപം എത്തിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. മാരക മുറിവേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കേസില്‍ അഞ്ച് പ്രതികളാണുണ്ടായിരുന്നതെങ്കിലും മൂന്നു പേരെ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി വെറുതേ വിട്ടിരുന്നു. ശിക്ഷാവിധിക്കെതിരേ ഇക്ബാലും ഹനീഫയും നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഒന്നാം പ്രതിക്കായി സീനിയര്‍ അഭിഭാഷകന് പി. വിജയഭാനുവും രണ്ടാം പ്രതിക്കായി അഡ്വ. ടി.ജി. രാജേന്ദ്രനും ഹാജരായി.