മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി; അച്ഛനും മകനും എതിരെ കേസെടുത്ത് വനം വകുപ്പ്; ഫ്രിഡ്ജിൽ സൂക്ഷിച്ച 10 കിലോ ഇറച്ചിയും പിടികൂടി

Spread the love

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ. ഊർങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യൻ, മകൻ ഡെന്നിസൻ എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ പത്ത് കിലോ ഇറച്ചിയും വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ കോഴിക്കോട് വളയത്തും സമാനമായ സംഭവം നടന്നിരുന്നു. വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച അഞ്ച് യുവാക്കളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി. ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണത്.

നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്. എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21), എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.