
മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസ് പുറത്തു കൊണ്ടുവന്നതിൽ നിർണായകമായത് പ്രമീള ഗിരീഷ്‌കുമാറിന്റെ ധീരമായ നിലപാടുകൾ. മൂവാറ്റുപുഴ സീഡ് സൊസൈറ്റി പ്രമോട്ടറായ പ്രമീളയാണ് അനന്തുകൃഷ്ണനെതിരേ ആദ്യം മൊഴി കൊടുത്തതും പോലീസ് അന്വേഷണത്തിന് നിർണായക തെളിവുകൾ കൈമാറിയതും.
സൊസൈറ്റി സെക്രട്ടറി റെജി വർഗീസ് പരാതി നൽകുകയും പ്രമീള മൊഴി കൊടുക്കുകയും ചെയ്തതോടെ കേസ് അന്വേഷിക്കാനും നടപടിയിലേക്ക് കടക്കാനും പോലീസിനായി. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും ഉപസമിതി ചെയർപേഴ്‌സണുമായിരുന്ന പ്രമീള ഗിരീഷ്‌കുമാർ പദ്ധതി നടത്തിപ്പിലെ അവ്യക്തതകളും പ്രശ്‌നങ്ങളും നേരത്തേതന്നെ അനന്തുകൃഷ്ണനോട് സൂചിപ്പിച്ചിരുന്നു.
എന്നാൽ ’പാതി പണമല്ലേ നിങ്ങളുണ്ടാക്കുന്നുള്ളൂ, ബാക്കി മുഴുവൻ ഞാനല്ലേ’ എന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു മറുപടി. സമയബന്ധിതമായി കാര്യങ്ങൾ നടക്കാത്തതും പ്രമീളയെയും കൂട്ടരെയും കൂടുതൽ സംശയത്തിലേക്ക് നയിച്ചു. ഇതിനിടെ മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അനന്തുകൃഷ്ണന്റെ അക്കൗണ്ട് മരവിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പ്രമീള കൂടുതൽ ജാഗരൂകയായി. സീഡ് സൊസൈറ്റി അംഗങ്ങൾ നാട്ടുകാരുടെ ചോദ്യങ്ങൾ നേരിടാനാവാതെ പ്രതിസന്ധിയിലായി. ഇതോടെ അനന്തുകൃഷ്ണനോട് അടച്ച പണം തിരിച്ചുകൊടുക്കാൻ പ്രമീള ആവശ്യപ്പെട്ടു. മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല കൂടുതൽ പേരെ ഉൾപ്പെടുത്തി കൂടുതൽ പണം കണ്ടെത്താനുള്ള നീക്കവും തുടങ്ങി.
15 ദിവസം കൂടി കാത്തിരുന്ന പ്രമീളയും റെജിയും മൂവാറ്റുപുഴ പോലീസിൽ രേഖാമൂലം പരാതിയും മൊഴിയും കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ 2024 ഒക്ടോബറിൽ മൂവാറ്റുപുഴ പായിപ്രയിൽ നിന്നെത്തിയ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പുറപ്പെട്ടതായിരുന്നു മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്.
പ്രാഥമികാന്വേഷണം നടത്തി ഫയൽ മടക്കാവുന്ന ഒരു പരാതിയിൽനിന്ന് കേരളത്തെ പിടിച്ചുലച്ച സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഉള്ളുകള്ളികളിലേക്ക് ആ അന്വേഷണമെത്തി.