സിപിഎമ്മും സി പി ഐ യും ഇത്രേയുള്ളുവെന്ന് ജനം അറിഞ്ഞില്ലേ ? ഇതിന്റെ ആവശ്യമുണ്ടായിരുന്നോ ? കോൺഗ്രസ് ചെയ്തത് കൊടും ചതി: കെ.ടി.ജലിൽ ഫേസ്ബുക്കിൽ കുറിച്ചു.

Spread the love

തിരുവനന്തപുരം: ഡല്‍ഹിയിലെ എ.എ.പിയുടെ കനത്ത പതനത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി.
ജലീല്‍ എം.എല്‍.എ. ഡല്‍ഹിയില്‍ ഭരണം ബി.ജെ.പിയുടെ കൈകളില്‍ വെച്ചുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെങ്കില്‍ പോലും സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞു.

തീർത്തും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു അത്. സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മല്‍സരിച്ചതെങ്കില്‍ പോലും. സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ലെന്നും കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് സ്വന്തം ശക്തിയെ കുറിച്ച്‌ യാതൊരു ബോധ്യവുമില്ലെന്നും ജലീല്‍ തുറന്നടിച്ചു.

ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുകയെന്നും ജലീല്‍ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഡല്‍ഹി ബി.ജെ.പിക്ക് സമ്മാനിച്ചതാര്?
ഒരു പതിറ്റാണ്ടിലധികം തുടർച്ചയായി കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഡല്‍ഹി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുപത് സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത് കേവലം ഒരു സീറ്റില്‍ മാത്രം. ഡല്‍ഹി ബി.ജെ.പിയുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തതിൻ്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനു മാത്രമാണ്.

പോള്‍ ചെയ്ത വോട്ടില്‍ പകുതി വോട്ട് ബി.ജെ.പി ഭരിക്കുന്ന ഒരിടത്തും അവർക്ക് കിട്ടിയിട്ടില്ല. പ്രതിപക്ഷ നിരയിലെ അനൈക്യം കൊണ്ടു മാത്രമാണ് ഹിന്ദുത്വ ശക്തികള്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇരിക്കുന്നത്.

കോണ്‍ഗ്രസ്സിന് ഇപ്പോഴും യാഥാർത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച്‌ യാതൊരു ബോദ്ധ്യവുമില്ല. “ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു” എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു കാലത്ത് ആനയായിരുന്ന കോണ്‍ഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിയണം.

സി.പി.എമ്മും സി.പി.ഐയും ഡല്‍ഹിയില്‍ മല്‍സരിക്കാൻ പാടില്ലായിരുന്നു. സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മല്‍സരിച്ചതെങ്കില്‍ പോലും. സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാർട്ടികളുടേതും.
എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ആം ആദ്മിക്ക് ഡല്‍ഹിയില്‍ വേരോട്ടമുണ്ട്. തെരഞ്ഞെടുപ്പു ഫലം അതാണ് തെളിയിക്കുന്നത്.

1977-ല്‍ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലും തിരിച്ചു വരും. കുറഞ്ഞ ചെലവില്‍ ഡല്‍ഹി ഭരിച്ച മനുഷ്യനെയാണ് അവർ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചത്. പാവപ്പെട്ടവർക്ക് വെള്ളവും വെളിച്ചവും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും സൗജന്യമായി ഉറപ്പു വരുത്തിയ സർക്കാരിനെയാണ് ഡല്‍ഹിക്കാർ നിഷ്കരുണം വലിച്ചെറിഞ്ഞത്.

നരേന്ദ്രമോദിയും അരവിന്ദ് കെജ്രിവാളും ഒരുപോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രചരണ റാലികളില്‍ പ്രസംഗിച്ചത്. കേന്ദ്ര സർക്കാരിന് കെജ്രിവാളിനെയും സിസോദിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള വടി നല്‍കിയതും കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിൻ്റെ പരാതിയുടെ മേലായിരുന്നു ഈഡിയുടെ അന്വേഷണവും അറസ്റ്റും. ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുക?

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ചയാണെന്ന് തോന്നുക സ്വാഭാവികം. ആ തോന്നലാണ് പലപ്പോഴും ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുക. ഡല്‍ഹി ജനത അരവിന്ദ് കെജ്രിവാള്‍ എന്ന ഭരണകർത്താവിനോട് കാണിച്ച നന്ദികേടിന് മനമുരുകി പശ്ചാതപിക്കേണ്ടി വരും. തീർച്ച.