വീട്ടുകാരെ എതിർത്ത് പ്രണയിനിക്ക് മിന്നു ചാർത്തി, 1 മണിക്കൂറിനുള്ളിൽ ഉപേക്ഷിച്ചു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിനിയെ വിവാഹം ചെയ്യുന്ന ഒരുപാട് യുവാക്കളുണ്ടാകും. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഭാര്യയെ ഉപേക്ഷിക്കുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. പക്ഷേ ഇതും സംഭവിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലാണ് പ്രണയ വിവാഹം നടന്നത്. എന്നാല്‍ നാടകീയ വിവാഹത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി യുവതിയുമായി സെല്‍വ ബാലാജി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളിയില്‍ വിവാഹം നടന്നത്. പ്രണയാഭ്യര്‍ത്ഥന നടത്തിയതും ബന്ധം വിവാഹത്തിലെത്തിച്ചതും സെല്‍വ ആയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ടതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഭാര്യയെ വേണ്ടെന്ന് സെല്‍വ തന്നെ തീരുമാനമെടുക്കുകയായിരുന്നു. ഇവരുടെ വിവാഹവാര്‍ത്ത അറിഞ്ഞ് വീട്ടുകാര്‍ പള്ളിയില്‍ എത്തിയിരുന്നു. പിന്നാലെ ഇരുവരെയും നിര്‍ബന്ധിച്ച് അവരവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍, ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. മകനെ തട്ടിക്കൊണ്ടു പോയെന്ന് സെല്‍വയുടെ മാതാപിതാക്കളും ആരോപിച്ചു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായതോടെ പൊലീസ് സെല്‍വ ബാലാജിയോടും ഭാര്യയോടും കാര്യങ്ങള്‍ ആലോചിച്ച് ഒരു തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തനിക്ക് മാതാപിതാക്കളെ മതിയെന്നും അവര്‍ക്കൊപ്പം പോവുകയാണെന്നും സെല്‍വ പൊലീസിനെ അറിയിച്ചു.